ഹസാർഡിനായുള്ള ന്യൂകാസിലിന്റെ ഓഫർ സ്വീകരിച്ച് റയൽ,പക്ഷെ!

റയൽ മാഡ്രിഡിന്റെ സൂപ്പർ താരമായ ഈഡൻ ഹസാർഡ് ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.ഈ സീസണിൽ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ വേണ്ടത്ര അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല.മാത്രമല്ല റയലിൽ എത്തി രണ്ടര വർഷം പിന്നിട്ടിട്ടും ടീമിൽ സ്ഥിര സാന്നിധ്യമാവാൻ ഹസാർഡിന് സാധിച്ചിട്ടില്ല.ഇത് കൊണ്ട് തന്നെ താരം റയലിൽ കടുത്ത അതൃപ്തിയിലാണ്.

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ റയൽ വിടാനുള്ള ഒരുക്കത്തിലാണ് ഹസാർഡ്.പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങുന്നതിനാണ് താരം മുൻഗണന നൽകുന്നത്.ഇപ്പോഴിതാ പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് ഹസാർഡിന് വേണ്ടി റയലിനെ സമീപിച്ചിട്ടുണ്ട്.40 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ന്യൂകാസിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്.ഈ ഓഫർ റയൽ മാഡ്രിഡ് സ്വീകരിച്ചിട്ടുമുണ്ട്.

എന്നാൽ ഈഡൻ ഹസാർഡ് ഈ ഓഫർ തള്ളികളയുകയായിരുന്നു.ന്യൂകാസിൽ യുണൈറ്റഡിലേക്ക് ചേക്കേറാൻ ഹസാർഡിന് താല്പര്യമില്ല.മറിച്ച് ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനാണ് ഹസാർഡ് താൽപര്യപ്പെടുന്നത്.ഇതിനാലാണ് ന്യൂകാസിലിന്റെ ഓഫർ താരം നിരസിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിലിനെ ഉദ്ധരിച്ചുകൊണ്ട് സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ പ്രീമിയർ ലീഗിൽ പത്തൊമ്പതാം സ്ഥാനത്താണ് ന്യൂകാസിൽ യുണൈറ്റെഡുള്ളത്. പക്ഷേ പുതിയ ഉടമസ്ഥർ ഏറ്റെടുത്തതോടെ സാമ്പത്തികപരമായി ന്യൂ കാസിൽ ശക്തി പ്രാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീമിനെ ശക്തിപ്പെടുത്തി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് നിലവിൽ ന്യൂകാസിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *