സൗദിയിലേക്ക് പോയ താരങ്ങൾക്കെതിരെ തിരിഞ്ഞ് ലാപോർട്ട, ഫുട്ബോളിനല്ല, മറ്റു പല കാര്യങ്ങൾക്കുമാണ് അവർ മുൻഗണന നൽകിയത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്ർ സ്വന്തമാക്കിയതോട് കൂടിയാണ് സൗദി അറേബ്യൻ ലീഗ് ശ്രദ്ധിക്കപ്പെടുന്നത്. റെക്കോർഡ് സാലറി വാഗ്ദാനം ചെയ്തു കൊണ്ടാണ് അവർ റൊണാൾഡോയെ സ്വന്തമാക്കിയത്. അതിനുശേഷം കരിം ബെൻസിമയും സൗദി അറേബ്യയെ തിരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ നിരവധി സൂപ്പർതാരങ്ങളാണ് സൗദി അറേബ്യൻ ലീഗിലേക്ക് എത്തിയിട്ടുള്ളത്. ഏറ്റവും ഒടുവിൽ ഫാബിഞ്ഞോയും മാനെയും സൗദിക്ക് സ്വന്തമായി.

ഏതായാലും ഈ സൗദി അറേബ്യൻ ട്രെൻഡിനെതിരെ എഫ്സി ബാഴ്സലോണയുടെ പ്രസിഡണ്ടായ ലാപോർട്ട രംഗത്ത് വന്നിട്ടുണ്ട്. കായികപരമായ കാരണങ്ങൾ കൊണ്ടല്ല ഈ താരങ്ങൾ സൗദിയിലേക്ക് പോയത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. സൗദിയിലേക്ക് പോയ താരങ്ങൾ ആരും തന്നെ ഫുട്ബോളിന് മുൻഗണന നൽകിയില്ലെന്നും ഇദ്ദേഹം ആരോപിച്ചു.CNN എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ബാഴ്സയുടെ പ്രസിഡന്റ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എല്ലാവിധ ബഹുമാനത്തോട് കൂടിയും പറയട്ടെ,ഒരു താരം സൗദി അറേബ്യയിലേക്ക് പോകാൻ തീരുമാനിക്കുകയാണെങ്കിൽ അത് ഒരിക്കലും കായികപരമായ കാരണങ്ങൾ കൊണ്ടല്ല. മറിച്ച് മറ്റു പല കാരണങ്ങൾ കൊണ്ടുമാണ്. നിങ്ങൾക്കറിയാം മറ്റു പല കാര്യങ്ങൾക്കുമാണ് അവർ മുൻഗണന നൽകുന്നത്.അവർ ഒരിക്കലും ഫുട്ബോളിന് മുൻഗണന നൽകുന്നില്ല. തീർച്ചയായും കായികപരമായ കാരണങ്ങൾക്കും ഫുട്ബോളിനുമാണ് നാം എപ്പോഴും മുൻഗണന കൊടുക്കേണ്ടത് ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.

സൗദി അറേബ്യയിലേക്ക് സൂപ്പർതാരങ്ങൾ എത്തുന്നതിൽ സാലറിക്ക് വലിയ പങ്കുണ്ട്. വലിയ രൂപത്തിലുള്ള സാലറിയാണ് ഈ താരങ്ങൾക്കെല്ലാം ക്ലബ്ബുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും ഈ സൂപ്പർതാരങ്ങൾ എല്ലാവരും എത്തിയതിനാൽ ഫുട്ബോൾ ലോകത്തു നിന്നുള്ള കൂടുതൽ ശ്രദ്ധ സൗദി അറേബ്യൻ ലീഗിന് ലഭിക്കും.അൽ ഹിലാൽ,അൽ നസ്ർ,അൽ ഇത്തിഹാദ്,അൽ അഹ്ലി എന്നീ ക്ലബ്ബുകളാണ് പ്രധാനമായും സൂപ്പർതാരങ്ങളെ സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *