സൗദിയിലേക്കുള്ള പോക്ക് വിനീഷ്യസ് നീട്ടിവെച്ചു!
ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിനീഷ്യസ് ജൂനിയർ. ഇത്തവണ ബാലൺഡി’ഓർ പുരസ്കാര സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാളും വിനി തന്നെയാണ്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ഗംഭീര പ്രകടനമായിരുന്നു വിനീഷ്യസ് നടത്തിയിരുന്നത്.ലാലിഗ, ചാമ്പ്യൻസ് ലീഗ്,യുവേഫ സൂപ്പർ കപ്പ്,സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയൊക്കെ സ്വന്തമാക്കാൻ വിനീഷ്യസിന് സാധിച്ചിരുന്നു.
ഈ താരത്തെ സ്വന്തമാക്കാൻ സൗദി ക്ലബ്ബായ അൽ അഹ്ലി ഒരു വലിയ ശ്രമം നടത്തിയിരുന്നു.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറായിരുന്നു അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നത്. ആകെ സാലറിയായി കൊണ്ട് ഒരു ബില്യൺ യൂറോയായിരുന്നു അവർ ഓഫർ ചെയ്തിരുന്നത്. കരാറിന് ശേഷം യൂറോപ്പിലേക്ക് തിരികെ എത്താമെന്ന് അവർ വാഗ്ദാനം ചെയ്തു. കരിയർ അവസാനിപ്പിച്ചതിനു ശേഷം സൗദി ഫുട്ബോളിൽ അദ്ദേഹം ആഗ്രഹിക്കുന്ന ജോലി നൽകും. കൂടാതെ 2034ൽ സൗദിയിൽ വെച്ച് നടക്കുന്ന വേൾഡ് കപ്പിന്റെ അംബാസിഡറുമാക്കും. അങ്ങനെ ആകർഷകമായ വാഗ്ദാനങ്ങൾ ആയിരുന്നു സൗദി നൽകിയിരുന്നത്.
എന്നാൽ അത് വിനി നിരസിച്ചിരുന്നു.റയൽ മാഡ്രിഡിൽ തന്നെ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പക്ഷേ ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കൂടുതൽ വിവരങ്ങൾ പ്രമുഖ മാധ്യമമായ ESPN പുറത്ത് വിട്ടിട്ടുണ്ട്. അതായത് സൗദിയെ വിനീഷ്യസ് പൂർണ്ണമായും നിരസിച്ചിട്ടില്ല. ഈ സീസണിന് ശേഷം അദ്ദേഹം ആ ഓഫർ പരിഗണിക്കാൻ സാധ്യതയുണ്ട്.നിലവിൽ 2027 വരെയാണ് റയൽ മാഡ്രിഡുമായി വിനിക്ക് കരാർ ഉള്ളത്. ഒരു ബില്യൺ യൂറോയാണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്.
ഈ കരാർ ഇനിയും വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നുണ്ട്.എന്നാൽ അദ്ദേഹത്തിന്റെ ക്യാമ്പ് അത് നിരസിച്ചിട്ടുണ്ട്. അതായത് ഈ സീസണിലെ സ്ഥിതിഗതികൾ വിലയിരുത്തി കൊണ്ട് അടുത്ത സീസണിൽ റയൽ മാഡ്രിഡിൽ തുടരണോ അതോ സൗദിയിലേക്ക് പോകണോ എന്നുള്ളതിൽ ഒരു തീരുമാനമെടുക്കാനാണ് വിനീഷ്യസ് ഉദ്ദേശിക്കുന്നത്.ഈ സീസണിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഇതിൽ സ്വാധീനം ചെലുത്താനുണ്ട്.എംബപ്പേ വന്നതുകൊണ്ട് തന്നെ വിനി ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തള്ളിക്കളയപ്പെട്ടിരുന്നു.ഏതായാലും സൗദിയുടെ ഈ ആകർഷകമായ ഓഫർ പൂർണമായും തള്ളിക്കളയാൻ വിനി തയ്യാറല്ല എന്ന് തന്നെയാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.