സ്വപ്നകുതിപ്പ്,പിന്നീട് മൂക്കുംകുത്തി വീണു,ബാഴ്സയിലെ സാവിയുടെ ഹണിമൂൺ പിരീയഡിന് വിരാമം!
ഈ സീസണിന്റെ തുടക്കത്തിൽ മോശം പ്രകടനമായിരുന്നു എഫ്സി ബാഴ്സലോണ കാഴ്ച്ചവെച്ചിരിക്കുന്നത്.ഇതോടെ ക്ലബ്ബ് റൊണാൾഡ് കൂമാനെ പുറത്താക്കുകയായിരുന്നു.പിന്നീട് പരിശീലകനായി എത്തിയ സാവി ടീമിൽ വേണ്ട മാറ്റങ്ങളൊക്കെ വരുത്തി. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ സാവി സ്വന്തമാക്കുകയായിരുന്നു.
പിന്നീടങ്ങോട്ട് ബാഴ്സ ഒരു സ്വപ്ന സമാനമായ കുതിപ്പാണ് നടത്തിയത്.15 മത്സരങ്ങളിൽ തോൽവി അറിയാതെ ബാഴ്സ കുതിച്ചു. വമ്പൻമാരായ റയൽ മാഡ്രിഡ്,അത്ലറ്റിക്കോ മാഡ്രിഡ്,നാപോളി എന്നിവരൊക്കെ ഈ കുതിപ്പിൽ ബാഴ്സക്ക് മുന്നിൽ അടിയറവ് പറഞ്ഞു. പരിശീലകനായ സാവിക്ക് വലിയ രൂപത്തിലുള്ള പ്രശംസകളായിരുന്നു നാനാഭാഗത്തു നിന്നും ലഭിച്ചത്.
എന്നാൽ പിന്നീട് മൂക്കുംകുത്തി വീഴുന്ന ബാഴ്സയെയാണ് നമുക്ക് കാണാൻ സാധിച്ചത്.സ്വന്തം മൈതാനത്ത് ഫ്രാങ്ക്ഫർട്ടിനോട് പരാജയപ്പെട്ടു കൊണ്ട് ബാഴ്സ യൂറോപ്പ ലീഗിൽ നിന്നും പുറത്തായി. മാത്രമല്ല ബാഴ്സ ആരാധകർ ടിക്കറ്റ് മറിച്ച് വിറ്റത് മൂലം മുപ്പതിനായിരത്തോളം വരുന്ന ആരാധകരായിരുന്നു ക്യാമ്പ് നൗവിൽ തടിച്ചുകൂടിയത്. ഇത് മാനസികമായി ബാഴ്സയെ തളർത്തി.
— Murshid Ramankulam (@Mohamme71783726) April 26, 2022
പിന്നീട് ക്യാമ്പ് നൗവിൽ ബാഴ്സ രണ്ട് മത്സരങ്ങളാണ് കളിച്ചത്.കാഡിസിനോടും റയോ വല്ലെക്കാനോയോടും. ഈ രണ്ട് മത്സരങ്ങളിലും ബാഴ്സ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു. അതായത് ചരിത്രത്തിലാദ്യമായി കൊണ്ട് ക്യാമ്പ് നൗവിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ ബാഴ്സ പരാജയപ്പെട്ടു.ആ നാണക്കേട് സാവിയുടെ ബാഴ്സക്ക് ഏൽക്കേണ്ടി വരികയായിരുന്നു.
നിരവധി പ്രശ്നങ്ങളാണ് നിലവിൽ ബാഴ്സക്കുള്ളത്.ടാക്ടിക്കൽ പ്രശ്നങ്ങൾ,പെഡ്രി പോലെയുള്ള പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകൾ, ആരാധകരുടെ പ്രതിഷേധങ്ങൾ ഇവയെല്ലാം ബാഴ്സക്ക് വിനയാവുകയായിരുന്നു.ചുരുക്കത്തിൽ സാവിയുടെ ബാഴ്സയിലെ ഹണിമൂൺ പിരീയഡ് അവസാനിച്ചിട്ടുണ്ട്. ഇനി വിമർശനങ്ങൾ അധികരിച്ചേക്കും.ടീമിന്റെ ഫോമിനെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരേണ്ടത് നിലവിൽ സാവിയുടെ മാത്രം ഉത്തരവാദിത്തമാണ്.