സ്വന്തം വീട്ടിൽ കൊള്ളയടിക്കപ്പെട്ടത് പോലെയാണ് തോന്നിയത് : സാവി
യുവേഫ യൂറോപ്പ ലീഗിൽ നടന്ന രണ്ടാംപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഫ്രാങ്ക്ഫർട്ടാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. ഇതോടെ ബാഴ്സ യൂറോപ്പ ലീഗിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു.ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ മുപ്പതിനായിരത്തിന് മുകളിൽ വരുന്ന ഫ്രാങ്ക്ഫർട്ട് ആരാധകർ ഇടംനേടിയത് ബാഴ്സക്ക് തിരിച്ചടിയാവുകയായിരുന്നു.ബാഴ്സ ആരാധകർ തങ്ങളുടെ ടിക്കറ്റുകൾ മറിച്ച് വിറ്റതാണ് ബാഴ്സയെ പ്രതികൂലമായി ബാധിച്ചത്.
ഏതായാലും ഈ വിഷയത്തിൽ ബാഴ്സയുടെ പരിശീലകനായ സാവി ഒരിക്കൽക്കൂടി തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് സ്വന്തം വീട്ടിൽ കൊള്ളയടിക്കപ്പെട്ടത് പോലെയാണ് തങ്ങൾക്ക് അനുഭവപ്പെട്ടത് എന്നാണ് സാവി പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 18, 2022
” ഹോം മൈതാനത്താണ് കളിക്കുന്നത് എന്നൊരു തോന്നൽ ബാഴ്സ താരങ്ങൾക്ക് അനുഭവപ്പെട്ടില്ല.ഇത് തോൽവിക്കുള്ള ന്യായീകരണമല്ല എന്നറിയാം. പക്ഷേ ആ അന്തരീക്ഷം ഞങ്ങളെ ബാധിച്ചു. ഞങ്ങൾ കംഫർട്ടബിളായിരുന്നില്ല.ബസിലായിരുന്ന സമയത്ത് തന്നെ എനിക്കെന്തോ പന്തികേട് അനുഭവപ്പെട്ടിരുന്നു.ക്യാമ്പ് നൗവിലാണ് ഞങ്ങൾ ഉള്ളത് എന്നത് അനുഭവപ്പെട്ടില്ല. അവർ ഞങ്ങൾക്ക് നേരെ എല്ലാം വലിച്ചെറിയുകയായിരുന്നു.ടണലിൽ നിന്ന് താരങ്ങൾക്ക് ഇറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. കായികപരമായും അല്ലാതെയും അതൊരു നിർഭാഗ്യകരമായ രാത്രിയായിരുന്നു. അത് മോശമായി അവസാനിക്കുകയും ചെയ്തു. സ്വന്തം വീട്ടിൽ കൊള്ളയടിക്കപ്പെട്ടത് പോലെയാണ് ഞങ്ങൾക്ക് തോന്നിയത് ” ഇതാണ് സാവി പറഞ്ഞത്.
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സ കളത്തിലേക്കിറങ്ങുന്നുണ്ട്.കാഡിസാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.