സ്വന്തം കാലിൽ വെടിവെക്കാൻ കഴിയില്ല : ഡെമ്പലെയെ കുറിച്ച് സാവി പറയുന്നു

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ വമ്പന്മാരായ എഫ്സി ബാഴ്സലോണ കളത്തിലേക്കിറങ്ങുന്നുണ്ട്. കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡാണ് ബാഴ്സയുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45-ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം അരങ്ങേറുക. ഈ മത്സരത്തിനുള്ള സ്ക്വാഡിൽ ബാഴ്സ സൂപ്പർ താരം ഡെമ്പലെയെ ഉൾപ്പെടുത്തുകയായിരുന്നു.ജനുവരിക്ക് ശേഷം താരത്തെ കളിപ്പിക്കില്ല എന്നായിരുന്നു നേരത്തെ ബാഴ്സയുടെ നിലപാട്.അതവർ മാറ്റുകയായിരുന്നു.

ഏതായാലും ഇക്കാര്യത്തിൽ ബാഴ്സയുടെ പരിശീലകനായ സാവി കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്.ഡെമ്പലെയുടെ കാര്യത്തിൽ ബാഴ്സക്ക് സ്വന്തം കാലിലേക്ക് വെടിയുതിർക്കാനാവില്ല എന്നാണ് സാവി പറഞ്ഞിരിക്കുന്നത്.ഡെമ്പലെക്ക് ടീമിനെ സഹായിക്കാനാവുമെന്നും സാവി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഡെമ്പലെയുടെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.താരത്തിന്റെ സാഹചര്യം ഒരു മാസം മുമ്പ് വേറെയായിരുന്നു.ഇപ്പോൾ മറ്റൊന്നാണ്.അദ്ദേഹം ക്ലബ്ബിന്റെയും സ്‌ക്വാഡിന്റെയും ഭാഗമാണ്.അദ്ദേഹത്തിന് കോൺട്രാക്ടുണ്ട്.ഞാനും പ്രസിഡന്റും ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു.എന്തൊക്കെയായാലും അദ്ദേഹം ഞങ്ങളുടെ സ്‌ക്വാഡിന്റെ ഭാഗമാണ്.ഞങ്ങൾക്ക് സ്വന്തം കാലിലേക്ക് വെടിയുതിർക്കാൻ സാധിക്കില്ല.ഞങ്ങൾ അദ്ദേഹത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.അദ്ദേഹത്തിന് ഞങ്ങളെ സഹായിക്കാൻ കഴിയും.ഇത് ക്ലബ്ബിന്റെ തീരുമാനമാണ്.ഞാൻ അദ്ദേഹത്തെ ഉപയോഗപ്പെടുത്തും. ഞങ്ങൾ പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.എല്ലാവരുടെയും പൊസിഷൻ എനിക്ക് മനസ്സിലാകും.ചില ആരാധകർക്ക് താരം മൂലം വേദനകൾ ഉണ്ടായിട്ടുണ്ട്.ഞങ്ങൾ സെൽഫിഷ് ആവേണ്ടതുണ്ട്.ഞങ്ങളെ കുറിച്ചാണ് ചിന്തിക്കേണ്ടത്.കരാർ പുതുക്കാൻ വേണ്ടി ഞങ്ങൾ ഇഷ്ടപ്പെട്ട ഒരു താരമാണ് അദ്ദേഹം.ആരാധകർ ഡെമ്പലെയെ പിന്തുണക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ചില ആളുകൾ ദേഷ്യത്തിലാണ് എന്നെനിക്കറിയാം. പക്ഷേ അദ്ദേഹം നല്ല ഒരു പ്രൊഫഷണലാണ് ” സാവി പറഞ്ഞു.

ഈ സീസണിൽ 11 മത്സരങ്ങളാണ് ആകെ ഡെമ്പലെ കളിച്ചിട്ടുള്ളത്.1 ഗോളും 2 അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *