സ്പാനിഷ് സൂപ്പർ താരത്തെ ബാഴ്സക്ക്‌ ഓഫർ ചെയ്ത് ക്രിസ്റ്റ്യാനോയുടെ ഏജന്റ്!

ഒളിമ്പിക്സ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഐവറി കോസ്റ്റിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്‌ പരാജയപ്പെടുത്തി കൊണ്ടായിരുന്നു സ്പെയിൻ സെമിയിലേക്ക് പ്രവേശിച്ചത്. പകരക്കാരനായി ഇറങ്ങിയ ഹാട്രിക് നേടിയ റാഫ മിർ ആണ് സ്പെയിനിന്റെ ഹീറോയായത്. ഇപ്പോഴിതാ ഈ സ്പാനിഷ് സൂപ്പർ താരത്തെ എഫ്സി ബാഴ്സലോണക്ക്‌ ഓഫർ ചെയ്തു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. റാഫയുടെ ഏജന്റായ ജോർഗേ മെൻഡസാണ് താരത്തെ ബാഴ്‌സക്ക്‌ ഓഫർ ചെയ്തത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏജന്റാണ് മെൻഡസ്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

നിലവിൽ പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിന്റെ താരമാണ് റാഫ.എന്നാൽ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ സ്പാനിഷ് ക്ലബായ ഹുയസ്ക്കക്ക്‌ വേണ്ടിയായിരുന്നു ഈ 24-കാരൻ കളിച്ചിരുന്നത്. മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ലാലിഗയിൽ 13 ഗോളുകളും കോപ്പ ഡെൽ റേയിൽ മൂന്ന് ഗോളുകളും താരം നേടിയിരുന്നു. എന്നാൽ താരത്തെ കൈവിടാൻ തന്നെയാണ് വോൾവ്സിന്റെ തീരുമാനം.2022-ലാണ് റാഫയുടെ കരാർ അവസാനിക്കുക. ഫ്രീ ഏജന്റാവുന്നതിന് മുന്നേ മറ്റേതെങ്കിലും ക്ലബ്ബിന് കൈമാറാനാണ് വോൾവ്സ് തീരുമാനം എടുത്തിരിക്കുന്നത്.

മാസങ്ങൾക്ക്‌ മുമ്പ് തന്നെ റാഫയെ മെൻഡസ് ബാഴ്‌സക്ക്‌ ഓഫർ ചെയ്തിരുന്നു. അന്ന് ബാഴ്‌സ അത് നിരസിക്കുകയായിരുന്നു.എന്നാൽ ഒരിക്കൽ കൂടി ഓഫർ ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്. നമ്പർ നയൺ പൊസിഷനിൽ കളിക്കുന്ന താരത്തെ ബാഴ്‌സ സ്വീകരിക്കാൻ സാധ്യത കുറവാണ്. എന്തെന്നാൽ അഗ്വേറോ, ബ്രൈത്വെയിറ്റ്,റെയ് മനായ് എന്നീ താരങ്ങൾ നിലവിൽ ബാഴ്‌സയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *