സ്ട്രൈക്കറെ വേണമെന്ന് തുറന്ന് പറഞ്ഞ് സിമയോണി, ടീമിലെത്തിക്കുക ബ്രസീലിയൻ താരത്തെ?

ലാലിഗയിലെ രണ്ട് മത്സരങ്ങളിലും വിജയിച്ചു കൊണ്ട് ആറ് പോയിന്റുകൾ കരസ്ഥമാക്കാൻ നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോക്ക്‌ സാധിച്ചിരുന്നു. മത്സരത്തിൽ ഗോളുകൾ നേടിയിരുന്നത് അർജന്റൈൻ താരമായ എയ്ഞ്ചൽ കൊറെയയായിരുന്നു. എന്നാൽ ഒരു നമ്പർ നയൻ സ്ട്രൈക്കറുടെ അഭാവം അത്ലറ്റിക്കോയിൽ നിഴലിച്ചു കാണുന്നുണ്ട്. സുവാരസ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രായം ഒരു പ്രശ്നമാണ്. ഏതായാലും തങ്ങൾക്ക്‌ ഒരു സ്‌ട്രൈക്കറെ അത്യാവശ്യമാണ് എന്നുള്ള കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ പരിശീലകനായ ഡിയഗോ സിമയോണി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മൾ ഒരു സ്‌ക്വാഡ് തയ്യാറാക്കുമ്പോൾ,ഒരു പൊസിഷനിൽ ചുരുങ്ങിയത് രണ്ട് താരങ്ങൾ എങ്കിലും ഉണ്ടായിരിക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്.തീർച്ചയായും ഞങ്ങൾക്ക്‌ ഇപ്പോൾ ഒരു താരത്തെ ആവിശ്യമുണ്ട്.ഞങ്ങൾ അതിന് വേണ്ടിയുള്ള ശ്രമത്തിലാണിപ്പോൾ.ഞങ്ങൾക്ക്‌ താരത്തെ ടീമിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഞങ്ങൾ കണ്ടെത്തും ” ഇതാണ് സിമയോണി ഇതേക്കുറിച്ച് പറഞ്ഞത്.

സ്പാനിഷ് താരമായ റാഫ മിർ, ഫിയോറെന്റിനയുടെ ഡുസാൻ വ്ലഹോവിച്ച് എന്നിവർക്ക്‌ വേണ്ടി അത്ലറ്റിക്കോ ശ്രമം നടത്തിയിരുന്നുവെങ്കിലും വേണ്ട വിധത്തിൽ ഫലം കണ്ടിരുന്നില്ല. എന്നാൽ ബ്രസീലിയൻ താരമായ മാത്യൂസ് കുഞ്ഞക്ക്‌ വേണ്ടി ശ്രമങ്ങളിൽ പുരോഗതിയുണ്ട്. ഹെർത്ത ബെർലിനുമായും താരവുമായും മൂന്ന് ദിവസമായി അത്ലറ്റിക്കോ ചർച്ചയിലാണ്. ഉടൻ തന്നെ കരാറിൽ എത്തുമെന്നാണ് ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ അറിയിച്ചിട്ടുള്ളത്. ട്രാൻസ്ഫർ ജാലകം അടക്കാൻ കേവലം ദിവസങ്ങൾ മാത്രം ശേഷിക്കെ കുഞ്ഞയെ ടീമിലേക്ക് എത്തിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് സിമയോണി.

Leave a Reply

Your email address will not be published. Required fields are marked *