സെവിയ്യക്കെതിരെയുള്ള വിജയം, റയൽ താരങ്ങൾക്ക്‌ സിദാന്റെ പ്രശംസ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയൽ മാഡ്രിഡ്‌ കരുത്തരായ സെവിയ്യയെ കീഴടക്കിയത്. സെവിയ്യ ഗോൾകീപ്പർ വഴങ്ങിയ സെൽഫ് ഗോളിന്റെ ബലത്തിലാണ് റയൽ മാഡ്രിഡ്‌ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കിയത്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ തോറ്റ ശേഷമാണ് റയൽ മാഡ്രിഡ്‌ വിജയം സ്വന്തമാക്കുന്നത്. മത്സരശേഷം തന്റെ താരങ്ങളെ പ്രശംസിക്കാൻ പരിശീലകൻ സിദാൻ മറന്നില്ല. ടീമിന്റെ പ്രകടനത്തിൽ സംതൃപ്തനാണെന്നും തങ്ങൾ തന്നെയാണ് മൂന്ന് പോയിന്റ് അർഹിച്ചതെന്നുമാണ് സിദാൻ അറിയിച്ചത്. ബുദ്ധിമുട്ടേറിയ എതിരാളികളായിരുന്നുവെന്നും ടീമിന്റെ മെന്റാലിറ്റി മികച്ചതായിരുന്നുവെന്നും സിദാൻ കൂട്ടിച്ചേർത്തു.

” പ്രധാനപ്പെട്ട മൂന്ന് പോയിന്റുകളാണ് നേടിയത്. അതിലേറെ പ്രധാനപ്പെട്ട കാര്യം ഞങ്ങളുടെ പ്രകടനമാണ്. ആദ്യ പകുതി ഏറെ മികച്ചതായിരുന്നു. മികച്ച എതിരാളികൾക്കെതിരെ നേടിയ ഈ മൂന്ന് പോയിന്റ് ഞങ്ങൾ അർഹിച്ചത് തന്നെയാണ്. ഏത് സമയത്തും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാവുന്ന ഒരു ടീമിനെയാണ് ഞങ്ങൾ തരണം ചെയ്തത്. ഓരോ മൂന്ന് ദിവസം കൂടുംതോറും ഓരോ മത്സരങ്ങൾ കളിക്കുന്നു എന്നുള്ളത് ഞങ്ങളെ ബാധിച്ചിട്ടുണ്ട് എന്നുള്ളത് സത്യമാണ്.പക്ഷെ ഞങ്ങൾ ഒരിക്കലും ഇത് അവസാനിപ്പിക്കാൻ പോവുന്നില്ല. ചില കാര്യങ്ങൾ ഇപ്പോഴും ശരിയാക്കാനുണ്ട്. അത്‌ ശരിയാക്കിയാൽ, ഞങ്ങൾക്ക്‌ ഒട്ടേറെ മുന്നേറാനാവും ” സിദാൻ തുടർന്നു.

” വിമർശനങ്ങൾ ഒന്നിനും തന്നെ മാറ്റങ്ങൾ വരുത്താൻ പോവുന്നില്ല. ടീം നല്ല രീതിയിൽ കളിച്ചിട്ടില്ലെങ്കിൽ വിമർശനങ്ങൾ വരിക എന്നുള്ളത് സ്വാഭാവികമാണ്. പോസിറ്റീവ് ആയി ചിന്തിക്കുക, സ്ഥിരത പുലർത്താൻ ശ്രമിക്കുക, അതാണിപ്പോൾ ഞങ്ങൾ ചെയ്യുന്നത്. ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ ഉണ്ടാക്കിയെടുത്ത അവസരങ്ങളിൽ ഞാൻ സന്തോഷവാനാണ്. ക്വാളിറ്റി ആയാലും കോൺഫിഡൻസ് ആയാലും അത്‌ വർധിപ്പിക്കാൻ ഞങ്ങൾക്ക്‌ കഴിയും. ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ നന്നായി തന്നെയാണ് കളിച്ചത്. അതിന് ഞാൻ എന്റെ താരങ്ങളെ അഭിനന്ദിക്കുന്നു ” സിദാൻ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *