സൂപ്പർ ലീഗ് പ്രൊജക്റ്റിന് ഒന്നും സംഭവിച്ചിട്ടില്ല, ലാപോർട്ട പറയുന്നു!

യൂറോപ്യൻ സൂപ്പർ ലീഗെന്ന പ്രൊജക്റ്റിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നത് മൂന്നേ മൂന്ന് ക്ലബുകൾ മാത്രമാണ്. റയൽ മാഡ്രിഡ്‌, യുവന്റസ്, എഫ്സി ബാഴ്സലോണ എന്നിവർ മാത്രമാണ് ഇതിൽ അവശേഷിക്കുന്നത്.ബാക്കിയുള്ള ഒമ്പത് ക്ലബുകൾ ഇതിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ യുവേഫയുടെ ഭീഷണികൾക്കൊന്നും വഴങ്ങാതെ ഈ മൂന്ന് ക്ലബുകളും പ്രൊജക്റ്റുമായി മുന്നോട്ട് പോവുകയാണ്. അത്‌ ശരി വെക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് കഴിഞ്ഞ ദിവസം എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റ്‌ ആയ ജോയൻ ലാപോർട്ട നടത്തിയിട്ടുള്ളത്. യൂറോപ്യൻ സൂപ്പർ ലീഗിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും അതിപ്പോഴും സജീവമാണ് എന്നാണ് ലാപോർട്ട അറിയിച്ചിട്ടുള്ളത്.തങ്ങളായിരുന്നു ശരി എന്നുള്ളത് വരും കാലത്ത് തെളിയുമെന്നും എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ് തങ്ങൾ ഈ പ്രൊജക്റ്റ്‌ നടപ്പിലാക്കുന്നതെന്നും ലാപോർട്ട കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പാർട്ട്‌ണെഴ്സിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ലാപോർട്ട.

” യൂറോപ്യൻ സൂപ്പർ ലീഗ് എന്ന പ്രൊജക്റ്റിന് ഒന്നും സംഭവിച്ചിട്ടില്ല. അതിപ്പോഴും സജീവമാണ്. ഞങ്ങളായിരുന്നു ശരി എന്നുള്ളത് വരും കാലത്ത് തെളിയിക്കപ്പെടും.ഞങ്ങൾക്ക് യുവേഫയുടെയും ഫിഫയുടെയുമൊപ്പം ഇത്‌ നടപ്പിലാക്കാനാണ് ആഗ്രഹം. ഫിഫ ഇത്‌ അംഗീകരിക്കുന്നതിന്റെ തൊട്ടരികിലാണ്.സൂപ്പർ ലീഗ് എന്നുള്ളത് എല്ലാവരുടെയും നല്ലതിന് വേണ്ടി ചെയ്യുന്ന ഒരു പ്രൊജക്റ്റ്‌ ആണ്.ഈയൊരു സങ്കീർണമായ സാമ്പത്തികസാഹചര്യത്തെ മറികടക്കാനും ക്ലബുകളെ സാമ്പത്തികസുസ്ഥിരത കൈവരിക്കാനും ഇത്‌ സഹായിക്കും.മാത്രമല്ല, യൂറോപ്യൻ സൂപ്പർ ലീഗ് കൂടുതൽ ആകർഷകമായ ഒരു കോമ്പിറ്റീഷനായിരിക്കും.ഒരു കോമ്പിറ്റീഷൻ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കാനൊന്നും പോവുന്നില്ല.യുവേഫ പലപ്പോഴും കുത്തകപോലെയാണ് പെരുമാറുന്നത്.ക്ലബുകളുടെ ആഗ്രഹങ്ങൾ നടപ്പിലാക്കുന്നതിന് അവർ തടസ്സം നിൽക്കുന്നു.സൂപ്പർ ലീഗുമായി മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം ” ലാപോർട്ട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *