സൂപ്പർ താരത്തിന് വേണ്ടി ബാഴ്സ ഓഫർ നൽകി കഴിഞ്ഞു : സ്ഥിരീകരിച്ച് ലാപോർട്ട!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരമാണ് റോബർട്ട് ലെവന്റോസ്ക്കി.താരത്തിനും ബയേൺ വിട്ട് കൊണ്ട് ബാഴ്സയിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ട്. എന്നാൽ ബയേൺ ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല.
ഏതായാലും ലെവന്റോസ്ക്കിയുടെ കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട തന്നെ പങ്കുവെച്ചിട്ടുണ്ട്. അതായത് ലെവന്റോസ്ക്കിക്ക് വേണ്ടി ബയേണിന് തങ്ങൾ ഒരു ഓഫർ നൽകി കഴിഞ്ഞു എന്നാണ് ലാപോർട്ട സ്ഥിരീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 8, 2022
“ലെവന്റോസ്ക്കിയെ സൈൻ ചെയ്യാൻ വേണ്ടി ഞങ്ങൾ ബയേണിന് ഒരു ഓഫർ നൽകിയിട്ടുണ്ട്.പക്ഷേ ഇതുവരെ അവർ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞങ്ങളുള്ളത്. അവരുടെ പ്രതികരണം പോസിറ്റീവായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
അതേസമയം ബാഴ്സ താരത്തിന് വേണ്ടി എത്രയാണ് ഓഫർ ചെയ്തത് എന്നുള്ളത് വ്യക്തമല്ല. താരത്തിന് ബയേണുമായി ഒരു വർഷത്തെ കരാർ മാത്രമാണ് അവശേഷിക്കുന്നത്. എന്നിരുന്നാലും നല്ലൊരു തുക താരത്തിനു വേണ്ടി ലഭിക്കണമെന്നുള്ള നിലപാടിലാണ് ബയേൺ ഉണ്ടായിരുന്നത്.