സൂപ്പർ താരങ്ങൾ സാലറി കട്ട്‌ അംഗീകരിച്ചു, അഗ്വേറോയെ രജിസ്റ്റർ ചെയ്ത് ബാഴ്‌സ!

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു അർജന്റൈൻ സ്‌ട്രൈക്കറായ സെർജിയോ അഗ്വേറോ എഫ്സി ബാഴ്സലോണയിൽ എത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ താരമായിരുന്ന അഗ്വേറോ ഫ്രീ ഏജന്റായി കൊണ്ടാണ് ബാഴ്‌സയിൽ എത്തിയത്. താരത്തെ സ്വന്തമാക്കിയ വിവരം ബാഴ്‌സ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും രജിസ്റ്റർ ചെയ്യാൻ ബാഴ്‌സക്ക്‌ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഫിനാൻഷ്യൽ ഫെയർ പ്ലേ റൂൾസായിരുന്നു ഇതിന് തടസ്സം.

എന്നാൽ താരത്തെ ഇപ്പോൾ ലാലിഗയിൽ രജിസ്റ്റർ ചെയ്ത കാര്യം എഫ്സി ബാഴ്സലോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബാഴ്‌സ പുറത്ത് വിട്ട ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബാഴ്സ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ബാഴ്സയുടെ ക്യാപ്റ്റൻമാരായ ജോർഡി ആൽബയും സെർജിയോ ബുസ്ക്കെറ്റ്സുമാണ് ക്ലബ്ബിനെ ഇക്കാര്യത്തിൽ സഹായിച്ചത്. ഇരുവരും സാലറി കട്ടിന് സമ്മതം മൂളുകയും ബാഴ്‌സ അത് വഴി അഗ്വേറോയെ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

ഇതിന് മുമ്പ് ജെറാർഡ് പിക്വേയായിരുന്നു വലിയ തോതിൽ സാലറി കുറിച്ചിരുന്നത്. അത് വഴി മെംഫിസ് ഡീപേ, എറിക് ഗാർഷ്യ, റേ മനായ് എന്നിവരെ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സക്ക്‌ സാധിച്ചിരുന്നു. ഇപ്പോൾ പീക്കെയുടെ വഴി തന്നെയാണ് ആൽബയും ബുസ്ക്കെറ്റ്സും തിരഞ്ഞെടുത്തിരിക്കുന്നത്.

അതേസമയം അഗ്വേറോക്ക്‌ ഇതുവരെ ബാഴ്സ ജേഴ്സിയിൽ അരങ്ങേറാൻ സാധിച്ചിട്ടില്ല. പരിക്കാണ് താരത്തെ അലട്ടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ താരത്തിന് കാഫ് ഇഞ്ചുറി പിടിപെടുകയായിരുന്നു.ഇനി കളത്തിലേക്ക് മടങ്ങിയെത്താൻ താരം ഒക്ടോബർ വരെ കാത്തിരിക്കേണ്ടതുണ്ട്.ഇതോടെ അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളും താരത്തിന് നഷ്ടമാവുമെന്ന് ഉറപ്പായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *