സൂപ്പർ താരങ്ങൾ പരിശീലനത്തിന് തിരിച്ചെത്തി, ബാഴ്സക്ക് ആശ്വാസം

യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ പ്രീക്വാർട്ടറിനുള്ള മുന്നൊരുക്കങ്ങൾ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ആരംഭിച്ചു. ഒരാഴ്ച്ചത്തെ ഇടവേളക്ക് ശേഷം ഇന്നാണ് ടീം അംഗങ്ങൾ കളത്തിലേക്ക് മടങ്ങിയെത്തിയത്. ബാഴ്സക്ക് ഏറെ ആശ്വാസം പകരുന്ന കാര്യം എന്തെന്നാൽ രണ്ട് സൂപ്പർ താരങ്ങൾ പരിശീലനം പുനരാരംഭിച്ചു എന്നാണ്. ക്ലബിന്റെ ഫ്രഞ്ച് സൂപ്പർ താരങ്ങളായ അന്റോയിൻ ഗ്രീസ്‌മാനും ഉസ്മാൻ ഡെംബലെയുമാണ് കളത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ഇരുവരും ടീമിനോടൊപ്പം പരിശീലനം നടത്തിയിട്ടില്ല. ഇരുവരും സ്വന്തമായാണ് പരിശീലനം നടത്തിയത്. പരിക്കിൽ നിന്നും പൂർണ്ണമായി മുക്തരാത്ത ഇവരെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ലഭിക്കുമെന്നാണ് ബാഴ്സയുടെ പ്രതീക്ഷ. നിലവിൽ ഒട്ടേറെ താരങ്ങൾ പരിക്ക് മൂലം ബാഴ്സയിൽ പുറത്താണ്.ക്ലമന്റ് ലെങ്ലെറ്റും പരിശീലനത്തിന് എത്തിയിട്ടുണ്ട്.

പ്രതിരോധനിര താരങ്ങളായ റൊണാൾഡ്‌ അരൗജോ, സാമുവൽ ഉംറ്റിറ്റി എന്നിവർ പരിക്കിന്റെ പിടിയിലാണ്. കൂടാതെ സസ്‌പെൻഷൻ കാരണം വിദാൽ, ബുസ്ക്കെറ്റ്സ് എന്നിവരുടെ സേവനവും ക്ലബിന് ലഭിക്കില്ല. ഈയൊരു അവസ്ഥയിൽ ഈ രണ്ട് താരങ്ങളുടെ തിരിച്ചു വരവ് ബാഴ്സക്ക് ഏറെ ആശ്വാസം പകരുന്നതാണ്. ജൂലൈ 11-ന് റയൽ വല്ലഡോലിഡിനെതിരായ മത്സരത്തിൽ ആയിരുന്നു ഗ്രീസ്‌മാന്‌ പരിക്കേറ്റത്. എന്നാൽ ഫെബ്രുവരിയിലെ ശാസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം ഡെംബലെ കളത്തിലേക്ക് ഇറങ്ങിയിട്ടില്ല. ഓഗസ്റ്റ് എട്ടിന് ക്യാമ്പ് നൗവിൽ വെച്ചാണ് രണ്ടാം പാദ പ്രീക്വാർട്ടർ മത്സരം അരങ്ങേറുക. ആദ്യപാദത്തിൽ 1-1 ന് നാപോളിയുടെ മൈതാനത്ത് വെച്ച് ബാഴ്സ സമനില വഴങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *