സൂപ്പർ താരം പരിശീലനമാരംഭിച്ചു, അത്‌ലെറ്റിക്കോയെ നേരിടാനൊരുങ്ങുന്ന റയലിന് ആശ്വാസം !

ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ മത്സരത്തിൽ നിർണായകവിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് റയൽ മാഡ്രിഡ്‌. ഗ്രൂപ്പ്‌ ഘട്ടത്തിൽ നിന്നും പുറത്താവലിന്റെ വക്കിൽ നിന്ന് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി കൊണ്ടാണ് റയൽ മാഡ്രിഡ്‌ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ്‌ തകർത്തു വിട്ടിരുന്നത്. മത്സരത്തിൽ ടീം മികച്ച പ്രകടനം കാഴ്ച്ചവെച്ചതും സിദാന് ആശ്വാസമായി. ഇപ്പോഴിതാ മറ്റൊരു പോസിറ്റീവ് വാർത്ത കൂടി റയൽ മാഡ്രിഡിന് ലഭിച്ചിരിക്കുകയാണ്. പരിക്ക് മാറി മധ്യനിര താരം ഫെഡേ വാൽവെർദെ ടീമിൽ തിരിച്ചെത്തിയതാണ് സിദാന് ആശ്വാസം പകരുന്നത്. ഇന്നലെ നടന്ന പരിശീലനത്തിൽ താരം ടീമിനോടൊപ്പം താരം പങ്കെടുത്തിരുന്നു.

വലൻസിയക്കെതിരെ തോറ്റ മത്സരത്തിന് ശേഷം വാൽവെർദെ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടില്ല. ഇനി ലാലിഗയിൽ അത്‌ലെറ്റിക്കോ മാഡ്രിഡ്‌ ആണ് റയലിന്റെ എതിരാളികൾ. മാഡ്രിഡ്‌ ഡെർബിയിൽ വാൽവെർദെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാൽവെർദെയെ കൂടാതെ ഈഡൻ ഹസാർഡ്, മാർട്ടിൻ ഒഡീഗാർഡ് എന്നിവർ ഇന്നലെ പരിശീലനം നടത്തിയിരുന്നു. എന്നാൽ ഫുൾ കോൺടാക്ട് വർക്കിൽ ഇരുവരും ഉൾപ്പെട്ടിരുന്നില്ല. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 1:30-നാണ് റയൽ അത്‌ലെറ്റിക്കോയെ നേരിടുന്നത്. റയൽ മാഡ്രിഡിന്റെ മൈതാനത്തു വെച്ചാണ് മത്സരം. ജയം മാത്രമായിരിക്കും റയലിന്റെ ലക്ഷ്യം. നിലവിൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരും അപരാജിതരുമാണ് അത്‌ലെറ്റിക്കോ. 26 പോയിന്റുകളാണ് ഇവർക്കുള്ളത്. അതേസമയം ഒരു മത്സരം കൂടുതൽ കളിച്ച റയൽ മാഡ്രിഡിന് ഇരുപത് പോയിന്റുകൾ മാത്രമാണ് ഉള്ളത്. റയൽ നിലവിൽ നാലാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *