സൂപ്പർ താരം പരിക്ക് മൂലം ദീർഘകാലം പുറത്തിരിക്കേണ്ടി വരും, ബാഴ്‌സക്ക് തിരിച്ചടി!
ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ ബയേണിനെ നേരിടാനുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണ. ചൊവ്വാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിലാണ് മത്സരം അരങ്ങേറുക. എന്നാൽ ഈ മത്സരത്തിന് മുന്നേ ബാഴ്‌സക്കിപ്പോൾ ഒരു തിരിച്ചടി കൂടി ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്തെന്നാൽ സൂപ്പർ താരം മാർട്ടിൻ ബ്രൈത്വെയിറ്റ് ദീർഘകാലം പുറത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് സൂചനകൾ.കാൽ മുട്ടിനേറ്റ പരിക്കാണ് താരത്തെ അലട്ടുന്നത്.സ്പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം ബ്രൈത്വെയിറ്റിന് സർജറി ആവിശ്യമാണെന്നും മൂന്നോ നാലോ മാസം അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നുമാണ് അറിയാൻ കഴിയുന്നത്.
Martin Braithwaite could be out for 3-4 months with knee injury – report https://t.co/y4syJi0RwS
— Barça Blaugranes (@BlaugranesBarca) September 12, 2021
കഴിഞ്ഞ ഗെറ്റാഫെക്കെതിരെയുള്ള മത്സരത്തിൽ തന്നെ മാർട്ടിൻ ബ്രൈത്വെയിറ്റിനെ പരിക്ക് അലട്ടിയിരുന്നു.തുടർന്ന് നടന്ന ഇന്റർനാഷണൽ മത്സരങ്ങൾക്ക് വേണ്ടിയുള്ള ഡെന്മാർക്ക് ടീമിൽ ബ്രൈത്വെയിറ്റ് ഇടം നേടിയിരുന്നുവെങ്കിലും കളിക്കാൻ സാധിച്ചിരുന്നില്ല.കൂടാതെ കഴിഞ്ഞ ദിവസം നടന്ന ബാഴ്‌സയുടെ പരിശീലനസെഷനിൽ ബ്രൈത്വെയിറ്റ് പങ്കെടുത്തിരുന്നു. എന്നാൽ വേദന മൂലം താരത്തിന് പരിശീലനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് സർജറിക്ക് വിധേയമാവുന്നതിനെ കുറിച്ച് താരം ആലോചിച്ചത്.
ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടിയാണ്. എന്തെന്നാൽ മുന്നേറ്റനിര താരങ്ങളായ ഫാറ്റി, അഗ്വേറോ, ഡെംബലെ എന്നിവർ പരിക്കിന്റെ പിടിയിലാണ്.ഫാറ്റി പരിശീലനം നടത്തുന്നുണ്ടെങ്കിലും എന്ന് മടങ്ങിയെത്തുമെന്ന് വ്യക്തമല്ല. അതേസമയം ഡെമ്പലെ, അഗ്വേറോ എന്നിവർക്ക് ഈ മാസം കളിക്കാൻ സാധിക്കില്ല.