സുവാരസ് സിമിയോണിയെ തേടിയെത്തിയ ഭാഗ്യമോ? അത്ലെറ്റിക്കോ മാഡ്രിഡിൽ പുതിയ യുഗാരംഭം !

അപ്രതീക്ഷിതമായിട്ടായിരുന്നു ലൂയിസ് സുവാരസ് അത്ലെറ്റിക്കോ മാഡ്രിഡിൽ എത്തിയത് എന്നത് വാസ്തവമായ കാര്യമാണ്. അയാക്‌സും ഇന്റർമിയാമിയും യുവന്റസും പിഎസ്ജിയും സുവാരസിന് വേണ്ടി പരിശ്രമങ്ങൾ നടത്തിയ ശേഷം അവസാനമായി കയറി വന്ന ടീമാണ് ബാഴ്സയുടെ ബദ്ധവൈരികളായ അത്ലെറ്റിക്കോ മാഡ്രിഡ്‌. എന്നാൽ അവസാനം താരത്തെ ടീമിലെത്തിച്ചതോ അത്ലെറ്റിക്കോ മാഡ്രിഡും. എന്നാൽ ടീമിൽ എത്തിയ ഉടനെ തന്നെ സുവാരസ് താനാരാണെന്ന് തെളിയിച്ചു. പകരക്കാരനായി ഇറങ്ങികൊണ്ട് രണ്ട് ഗോളും ഒരു അസിസ്റ്റും നേടികൊണ്ട് പ്രായം തന്നെ തളർത്തിയിട്ടില്ലെന്ന് തന്നെ ഒഴിവാക്കിയവരോടും ഫുട്ബോൾ ലോകത്തോടും വിളിച്ചു പറയുകയായിരുന്നു. യഥാർത്ഥത്തിൽ ടീമിൽ എത്തിയ ശേഷം രണ്ട് ദിവസത്തിനകം തന്നെ ഇത്തരമൊരു പ്രകടനം താരം നടത്തിയെങ്കിൽ അത് താരത്തിന്റെ മാത്രം മികവാണ്. ഒരർത്ഥത്തിൽ സിമിയോണിയെ തേടിയെത്തിയ ഭാഗ്യമാണ് സുവാരസ് എന്ന് പറയേണ്ടി വരും.

കഴിഞ്ഞ സീസണിൽ അത്ലെറ്റിക്കോ മാഡ്രിഡിന്റെ ടോപ് സ്‌കോറർ മൊറാറ്റ ആയിരുന്നു. കേവലം പതിനാറ് ഗോളുകൾ മാത്രമായിരുന്നു ടീമിന്റെ ടോപ് സ്‌കോറർ നേടിയത്. അപ്പോൾ തന്നെ ടീമിന്റെ ഗോൾദാരിദ്ര്യം വ്യക്തമാണ്. പൊതുവെ പ്രതിരോധത്തിലൂന്നി കളിക്കുന്ന അത്ലെറ്റിക്കോ സിമിയോണിക്ക് കീഴിൽ ഗോൾമഴ പെയ്യിക്കുന്നതൊക്കെ അപൂർവകാഴ്ച്ചയാണ്. എന്നാൽ ഗ്രനാഡക്കെതിരെ ആറു ഗോളുകളാണ് അത്ലെറ്റിക്കോ നേടിയത്. കാര്യങ്ങൾ ഇതിൽ നിന്ന് വ്യക്തമാണ്. സുവാരസിന്റെ വരവോടെ അത്ലെറ്റിക്കോ മാഡ്രിഡിൽ മറ്റൊരു യുഗം ആരംഭിക്കുമെന്നത്. അതായത് സുവാരസിനെ പോലെ ഒരു താരം മുന്നേറ്റനിരയിൽ ഉണ്ടാവുമ്പോൾ അർധാവസരങ്ങൾ പോലും ഗോളായി മാറിയേക്കാം. ഫലത്തിൽ ഈ സീസണിൽ അത്ലെറ്റിക്കോ മാഡ്രിഡും ഗോളടിച്ചു കൂട്ടുന്ന ഒരു ടീമായേക്കാം. ഒരു സീസണിൽ മുപ്പതിൽ പരം ഗോളുകൾ നേടാൻ കെല്പുള്ള താരമാണ് സുവാരസ്. താരത്തോടൊപ്പം കോസ്റ്റയും ഫെലിക്സും ചേരുന്നതോട് കൂടി സിമിയോണിക്ക് ഇത്തവണ പ്രതീക്ഷക്ക് വകയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *