സുവാരസ് മിന്നിയിട്ടും പോയിന്റുകൾ കളഞ്ഞ് കുളിച്ച് അത്ലെറ്റിക്കോ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് സമനിലക്കുരുക്ക്. സെൽറ്റവിഗോയാണ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ തളച്ചത്. 2-2 എന്നായിരുന്നു സ്കോർ. സൂപ്പർ താരം ലൂയിസ് സുവാരസ് ഇരട്ട ഗോളുകളുമായി മിന്നിയിട്ടും ടീമിന് വിജയം നേടാനായില്ല.അത്ലെറ്റിക്കോയെ സംബന്ധിച്ചെടുത്തോളം നിർണായകമായ രണ്ട് പോയിന്റുകളാണ് അവർ കളഞ്ഞു കുളിച്ചത്. പ്രത്യേകിച്ച് എതിരാളികളായ എഫ്സി ബാഴ്സലോണ തുടർ ജയങ്ങൾ കരസ്ഥമാക്കുന്ന ഈ സമയത്ത്. സമനില വഴങ്ങിയെങ്കിലും അത്ലെറ്റിക്കോ പോയിന്റ് ടേബിളിൽ ബഹുദൂരം മുന്നിൽ തന്നെയാണ്. 20 മത്സരങ്ങൾ കളിച്ച അത്‌ലറ്റിക്കോയുടെ സമ്പാദ്യം 51 പോയിന്റാണ്. അതേസമയം ഒരു മത്സരം കൂടുതൽ കളിച്ച എഫ്സി ബാഴ്സലോണ 43 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്.

സുവാരസ്, കൊറേയ എന്നിവരെ മുൻനിർത്തിയാണ് ഡിയഗോ സിമിയോണി ആക്രമണങ്ങൾ മെനഞ്ഞത്. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സെൽറ്റ വിഗോ ലീഡ് നേടുകയായിരുന്നു. 13-ആം മിനിറ്റിൽ സാന്റി മിനയാണ് ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സുവാരസ് സമനില നേടിക്കൊടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സുവാരസ് വീണ്ടും ഗോൾ നേടിയതോടെ അത്‌ലറ്റിക്കോ ലീഡ് നേടി.എന്നാൽ മത്സരത്തിന്റെ 89-ആം മിനുട്ടിൽ ഫകുണ്ടോ ഫെരേര സെൽറ്റക്ക് വേണ്ടി വലകുലുക്കിയതോടെ അത്ലെറ്റിക്കോയുടെ വിജയ പ്രതീക്ഷകൾ വീണുടയുകയായിരുന്നു. തുടർച്ചയായി എട്ട് മത്സരങ്ങളിൽ വിജയിച്ചതിന് ശേഷമാണ് അത്ലെറ്റിക്കോ ഇപ്പോൾ സമനില വഴങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *