സുവാരസിന് വേണ്ടി അത്ലെറ്റിക്കോ ചിലവഴിച്ച യഥാർത്ഥ തുക പുറത്തായി!

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബാഴ്‌സയുടെ സൂപ്പർ താരമായിരുന്ന ലൂയിസ് സുവാരസ് അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. താരത്തെ ബാഴ്സ തന്നെ ഒഴിവാക്കിയതോടെയാണ് സുവാരസ് മറ്റൊരു തട്ടകം കണ്ടെത്തിയത്.താരത്തിന്റെ ട്രാൻസ്ഫർ ഫീ സംബന്ധിച്ച് അന്ന് ചില സംശയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത്ലെറ്റിക്കോ താരത്തിന് വേണ്ടി നൽകിയ യഥാർത്ഥ വില ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഏഴ് മില്യൺ യൂറോയാണ് ഇതുവരെ അത്ലെറ്റിക്കോ താരത്തിന് വേണ്ടി ബാഴ്സക്ക് നൽകിയത്. ഇനി ഒരു നാല് മില്യൺ യൂറോ കൂടി ബാഴ്‌സക്ക് ലഭിക്കാൻ സാധ്യതയുണ്ട്.സ്പാനിഷ് മാധ്യമമായ സ്പോർട്ട്, എഎസ് എന്നിവരാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

അഞ്ച് മില്യൺ യൂറോയാണ് ബാഴ്സക്ക് ട്രാൻസ്ഫർ ഫീ ഇനത്തിൽ ലഭിച്ച തുക. കൂടാതെ സുവാരസ് അത്ലെറ്റിക്കോക്ക് വേണ്ടി ഈ സീസണിൽ ഇരുപത് മത്സരങ്ങൾ കളിച്ചതോടെ 2 മില്യൺ യൂറോയും ലഭിച്ചു. ഇങ്ങനെ മൊത്തത്തിൽ ഇതുവരെ ഏഴ് മില്യൺ യൂറോയാണ് ലഭിച്ചിട്ടുള്ളത്. ഇനി രണ്ട് സീസണുകളിൽ സുവാരസ് ഉൾപ്പെടുന്ന അത്ലെറ്റിക്കോ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നാൽ നാല് മില്യൺ യൂറോ കൂടി ബാഴ്സക്ക് ലഭിക്കും. നിലവിൽ ഈ ചാമ്പ്യൻസ് ലീഗിൽ അത്ലെറ്റിക്കോ മാഡ്രിഡ്‌ പ്രീ ക്വാർട്ടർ ഫൈനലിൽ ആണുള്ളത്. ചെൽസിയെ കീഴടക്കിയാൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ എത്താം. യഥാർത്ഥത്തിൽ ആകെ 11 മില്യൺ യൂറോയാണ് സുവാരസിന് വേണ്ടി അത്ലെറ്റിക്കോ ചിലവഴിക്കുക എന്നർത്ഥം.

Leave a Reply

Your email address will not be published. Required fields are marked *