സിറ്റിക്കെതിരെയുള്ള തിരിച്ചു വരവ് റയൽ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞുവെന്ന് വിശ്വസിച്ച് ആഞ്ചലോട്ടി!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയോട് റയൽ മാഡ്രിഡ് പരാജയം രുചിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സിറ്റി റയലിനെ പരാജയപ്പെടുത്തിയത്. ബുധനാഴ്ച സാന്റിയാഗോ ബെർണാബുവിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തെ വലിയ ആത്മവിശ്വാസത്തോടുകൂടിയാണ് റയൽ നോക്കി കാണുന്നത്. തങ്ങൾക്ക് തിരിച്ചുവരാൻ കഴിയുമെന്നുള്ള പ്രതീക്ഷ തന്നെയാണ് പലരും വെച്ചുപുലർത്തുന്നത്.
ഏതായാലും ഇതുമായി ബന്ധപ്പെട്ട ഒരു വിശകലനം പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തു വിട്ടിട്ടുണ്ട്.അതായത് റയലിന്റെ ലാലിഗ കിരീടനേട്ടം ഉടൻ തന്നെ ആഘോഷിക്കണോ അതല്ലെങ്കിൽ സിറ്റിക്കെതിരെയുള്ള രണ്ടാംപാദത്തിന് ശേഷം ആഘോഷിക്കണോ എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നു.ഉടൻ ആഘോഷിച്ചാൽ താരങ്ങളുടെ ശ്രദ്ധ മാറുമെന്നായിരുന്നു പലരുടെയും വാദം.
— Murshid Ramankulam (@Mohamme71783726) May 2, 2022
എന്നാൽ എസ്പനോളിനെതിരെയുള്ള മത്സരത്തിന് ശേഷം തന്നെ കിരീട നേട്ടം ആഘോഷിക്കാമെന്ന ഈ തീരുമാനം കൈക്കൊണ്ടത് ആഞ്ചലോട്ടിയായിരുന്നു. അദ്ദേഹത്തിന് ഇക്കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും ഇല്ലായിരുന്നു. താൻ ചെയ്യുന്നത് റിസ്ക്കാണ് എന്നറിഞ്ഞിട്ടും ആഞ്ചലോട്ടി ഇതിന് സമ്മതം അറിയിക്കുകയായിരുന്നു. കാരണം റയലിന്റെ താരങ്ങളും ആരാധകരും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തേണ്ടത് സിറ്റിക്കെതിരെയുള്ള മത്സരത്തിനു മുന്നേതന്നെ ആവശ്യമായ ഒന്നാണ് എന്നാണ് ആഞ്ചലോട്ടി വിശ്വസിച്ചിരുന്നത്.
മാത്രമല്ല ഈ ആഘോഷങ്ങൾ തന്റെ താരങ്ങൾക്ക് വലിയ രൂപത്തിലുള്ള ആശ്വാസവും മാനസികോല്ലാസവും നൽകുമെന്ന് ആഞ്ചലോട്ടിക്കറിയാമായിരുന്നു. അത് അടുത്ത സിറ്റിക്കെതിരെയുള്ള മത്സരത്തിൽ ഗുണകരമാകുമെന്നാണ് റയലിന്റെ പരിശീലകൻ ഉറച്ച് വിശ്വസിക്കുന്നത്. ഒരർത്ഥത്തിൽ സിറ്റിക്കെതിരെയുള്ള റയലിന്റെ തിരിച്ചുവരവ് ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു എന്നാണ് ആഞ്ചലോട്ടിയുടെ വിശ്വാസം. പക്ഷേ അത് ഇനി കളിക്കളത്തിൽ കൂടി തെളിയിക്കേണ്ടതുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.