സിദാൻ വീണ്ടും റയൽ മാഡ്രിഡിലേക്ക് മടങ്ങിയെത്തുന്നു?

റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ ക്ലബ്ബുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക.ഈ കരാർ അദ്ദേഹം പുതുക്കില്ല. മറിച്ച് ഈ കരാർ പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം ബ്രസീലിന്റെ നാഷണൽ ടീമിലേക്ക് ചേക്കേറുകയാണ് ചെയ്യുക. അവരുമായി ധാരണയിൽ എത്താൻ കാർലോ ആഞ്ചലോട്ടിക്ക് സാധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ അടുത്ത വർഷത്തേക്ക് ഒരു പുതിയ പരിശീലകനെ റയൽ മാഡ്രിഡിന് ആവശ്യമാണ്. ആ സ്ഥാനത്തേക്ക് റയൽ മാഡ്രിഡ് ഒരിക്കൽ കൂടി സിനദിൻ സിദാനെ പരിഗണിക്കുന്നുണ്ട്. പ്രമുഖ മാധ്യമമായ ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.സിദാനെ കൂടാതെ മറ്റ് മൂന്ന് പരിശീലകരെയും ഈ സ്ഥാനത്തേക്ക് റയൽ കണ്ടുവെച്ചിട്ടുണ്ട്.

2016 മുതൽ 2018 വരെയായിരുന്നു സിദാൻ റയലിനെ ആദ്യം പരിശീലിപ്പിച്ചിരുന്നത്.തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഈ കാലയളവിൽ നേടാൻ റയലിന് സാധിച്ചിരുന്നു. പിന്നീട് അദ്ദേഹം ക്ലബ്ബ് വിട്ടെങ്കിലും 2019 അദ്ദേഹത്തിന് ക്ലബ്ബിലേക്ക് തന്നെ മടങ്ങിയെത്തേണ്ടിവന്നു.തുടർന്ന് 2021 വരെ പരിശീലിപ്പിച്ചു. ആകെ 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാലിഗ കിരീടങ്ങളും റയൽ മാഡ്രിഡിൽ ഇദ്ദേഹം നേടിയിട്ടുണ്ട്. ഫ്രാൻസിന്റെ പരിശീലകൻ ആവാൻ ആഗ്രഹിക്കുന്നതിനാൽ സിദാൻ ഒരിക്കൽ കൂടി റയലിലേക്ക് വരുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

സിദാനെ ലഭിച്ചില്ലെങ്കിൽ മൂന്ന് മുൻ താരങ്ങളെയാണ് പ്രധാനമായും റയൽ ലക്ഷ്യം വെക്കുന്നത്.നിലവിൽ ബയേർ ലെവർകൂസന്റെ പരിശീലകനായ സാബി അലോൺസോയെയായിരിക്കും പ്രധാനമായും പരിഗണിക്കുക. പിന്നീട് റയൽ മാഡ്രിഡ് കാസ്റ്റില്ല പരിശീലകനായ റൗൾ ഗോൺസാലസ്,റയലിന്റെ യൂത്ത് ടീം പരിശീലകനായ അർബിയോള എന്നിവരെയും റയൽ മാഡ്രിഡ് പരിഗണിക്കും. ഏതായാലും നിലവിൽ റയലിന് ധൃതിപ്പെടേണ്ട യാതൊരുവിധ ആവശ്യവുമില്ല.സിദാന് വേണ്ടി തന്നെയായിരിക്കും റയൽ കൂടുതൽ ശ്രമങ്ങൾ നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!