സിദാന്റെ റെക്കോർഡ് പഴങ്കഥയാക്കി സാവി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എഫ്സി ബാഴ്സലോണ വിജയം നേടിയത്.മയ്യോർക്കയെയാണ് അവരുടെ മൈതാനത്ത് ബാഴ്സ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയുടെ ഗോളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചത്.

ഈ വിജയത്തോടുകൂടി ബാഴ്സയുടെ പരിശീലകനായ സാവി ലാലിഗയിൽ ഒരു റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. അതായത് ലാലിഗയിൽ ഏറ്റവും കൂടുതൽ എവേ മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തുന്ന പരിശീലകൻ എന്ന റെക്കോർഡാണ് ഇപ്പോൾ സാവി സ്വന്തമാക്കിയിരിക്കുന്നത്.റയലിന്റെ ഇതിഹാസ പരിശീലകനായ സിനദിൻ സിദാനെയാണ് ഇക്കാര്യത്തിൽ സാവി മറികടന്നിരിക്കുന്നത്.

ലാലിഗയിൽ ഇതുവരെ കളിച്ച 18 എവേ മത്സരങ്ങളിൽ സാവിയുടെ ബാഴ്സ പരാജയം അറിഞ്ഞിട്ടില്ല. 13 വിജയവും 5 സമനിലയുമാണ് ബാഴ്സ ഈ മത്സരങ്ങളിൽ നേടിയിട്ടുള്ളത്.കഴിഞ്ഞ സീസണിൽ 14 എവേ മത്സരങ്ങളും ഈ സീസണിൽ 4 എവേ മത്സരങ്ങളുമാണ് ബാഴ്സ സാവിക്ക് കീഴിൽ വിജയിച്ചിട്ടുള്ളത്.

2016ലായിരുന്നു സിദാൻ റയലിനൊപ്പം റെക്കോർഡ് കുറിച്ചിരുന്നത്. 17 എവേ മത്സരങ്ങളിലായിരുന്നു സിദാൻ വിജയിച്ചിരുന്നത്.13 വിജയവും നാല് സമനിലയുമായിരുന്നു സിദാൻ നേടിയിരുന്നത്.

ഏതായാലും ഇന്നലത്തെ മത്സരത്തിൽ വിജയിച്ചതോടുകൂടി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്.7 മത്സരങ്ങളിൽ നിന്ന് 19 പോയിന്റാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച റയൽ 18 പോയിന്റ് നേടിക്കൊണ്ട് തൊട്ട് പിറകിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *