സിദാനെ റയൽ പുറത്താക്കിയേക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ, പകരക്കാരനാവാൻ ആ പരിശീലകൻ!

കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ലെവാന്റെയോട് പരാജയം രുചിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് അട്ടിമറി തോൽവിയേറ്റുവാങ്ങിയത്. ഇതോടെ വലിയ തോതിലുള്ള വിമർശനങ്ങളാണ് റയലിനും പരിശീലകൻ സിദാനും നേരിടേണ്ടി വന്നത്.ഈ സീസണിൽ റയൽ വഴങ്ങുന്ന നാലാം തോൽവിയായിരുന്നു ഇത്. ലീഗിൽ റയൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇപ്പോഴിതാ റയൽ പരിശീലകൻ സിദാനെ പുറത്താക്കിയെക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾ പരക്കുകയാണ്. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.അടുത്ത ആഴ്ച്ച ലാലിഗയിൽ നടക്കുന്ന ഹുയസ്ക്കക്കെതിരെയുള്ള മത്സരത്തിൽ റയൽ തോൽക്കുകയാണെങ്കിൽ സിദാന്റെ തൊപ്പി തെറിച്ചേക്കുമെന്നാണ് വാർത്തകൾ.

നിലവിൽ റയൽ മാഡ്രിഡിന്റെ അവസ്ഥയിൽ പ്രസിഡന്റ്‌ പേരെസ് തീർത്തും അസ്വസ്ഥനാണ്. അത്യാവശ്യം മികച്ച ഒരു ടീം ഉണ്ടായിട്ടും ടാക്ടിക്കൽ പരമായി മികവ് പുലർത്താത്തതാണ് പെരസിനെ ചൊടിപ്പിക്കുന്നത്. അതേസമയം സിദാൻ പുറത്താക്കപ്പെട്ടാൽ വരാൻ സാധ്യതയുള്ള പരിശീലകനെയും സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.മാസ്സിമിലിയാനോ അല്ലെഗ്രിയെയാണ് റയൽ പരിഗണിക്കുക എന്നാണ് ഇവരുടെ അവകാശവാദം.2019 ജൂൺ മുതൽ അല്ലെഗ്രി ഒരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. അന്ന് യുവന്റസുമായുള്ള കരാർ പുതുക്കാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. റയലിനെ പരിശീലിപ്പിക്കാൻ ആഗ്രഹമുള്ള വ്യക്തിയാണ് അല്ലെഗ്രി. എന്നാൽ ഒരു സീസണിനിടയിൽ റയലിനെ ഏറ്റെടുക്കാൻ അദ്ദേഹത്തിന് താല്പര്യമില്ല. മറിച്ച് അടുത്ത സീസണിൽ തുടങ്ങാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *