സാവിയുടെ പണി പോകുമോ? ബാഴ്സയിൽ പ്രതിസന്ധി രൂക്ഷം!

ഈ സീസണിൽ ഇപ്പോൾ കഠിനമായ സമയത്തിലൂടെയാണ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. റയൽ മാഡ്രിഡ്,ഷാക്തർ ഡോണസ്ക്ക് എന്നിവരോട് അവർ പരാജയപ്പെട്ടിരുന്നു. അവസാന മത്സരത്തിൽ റയോ വല്ലക്കാനോ ബാഴ്സയെ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു.

നിലവിൽ ലാലിഗയിൽ നാലാം സ്ഥാനത്താണ് ബാഴ്സലോണയുള്ളത്. ഈ മോശം പ്രകടനം ബാഴ്സക്കുള്ളിൽ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. പ്രമുഖ മാധ്യമപ്രവർത്തകനായ അഡ്രിയാൻ സാഞ്ചസ് ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. ബാഴ്സ പ്രസിഡണ്ടായ ലാപോർട്ട മാത്രമാണ് ഇപ്പോൾ സാവിയെ പിന്തുണക്കുന്നത്. മറ്റേതെങ്കിലും പ്രസിഡന്റുമാർ ആയിരുന്നുവെങ്കിൽ സാവിയുടെ പരിശീലക സ്ഥാനം ഇതിനോടകം തന്നെ നഷ്ടമാവാൻ സാധ്യതയുണ്ടായിരുന്നു എന്നാണ് ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.ക്ലബ്ബിനകത്ത് തന്നെ ഇപ്പോൾ ഈ പരിശീലകനെതിരെ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ഈ റൂമറുകളെ സാവി തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” എല്ലാ നിലയിലും ക്ലബ്ബ് എന്നെ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഞാൻ എല്ലാ ദിവസവും ലാപോർട്ടയുമായും ഡെക്കോയുമായും സംസാരിക്കുന്നുണ്ട്.ഞാൻ അവരുടെ സുഹൃത്താണ്. അവർ എന്നെ പിന്തുണയ്ക്കുന്നുണ്ട് ” ഇതായിരുന്നു ബാഴ്സ പരിശീലകൻ പറഞ്ഞത്.

പക്ഷേ ഇനിയും തോൽവികളും സമനിലകളും ഒക്കെ വഴങ്ങേണ്ടി വന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പോർട്ടോയാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.സാവിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ് ഈ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *