സാലറി കട്ടിൽ മെസ്സിക്ക് മാത്രം പ്രത്യേകപരിഗണന നൽകില്ലെന്ന് നിലവിലെ പ്രസിഡന്റ്‌ !

സാലറി കട്ടിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് മാത്രമായി പ്രത്യേകപരിഗണന നൽകില്ലെന്ന് ബാഴ്സയുടെ താൽകാലിക പ്രസിഡന്റ്‌ കാർലെസ് ടുസ്ക്കറ്റ്സ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗുരുതര സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് നിലവിൽ ബാഴ്‌സ കടന്നു പോവുന്നത്. ഇതിനെ തുടർന്നാണ് ബാഴ്‌സ താരങ്ങളുടെ സാലറി കട്ട്‌ ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. എന്നാൽ ചില താരങ്ങൾ ഇതിന് വഴങ്ങാത്തത് ബാഴ്‌സയെ കൂടുതൽ പ്രതിസന്ധിയിലാക്കിരിക്കുകയാണ്. നവംബർ അഞ്ചിന് മുന്നോടിയായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ക്ലബ്ബിനെ പാപ്പാരായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഏതായാലും അടുത്ത വർഷമാവുമ്പോഴേക്കും പ്രശ്നത്തിന് പരിഹാരം കണ്ടിട്ടില്ലെങ്കിൽ ബാഴ്‌സയെ പാപ്പരായി പ്രഖ്യാപിക്കാൻ ലാലിഗക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കാൻ സാലറി കട്ട്‌ സംബന്ധിച്ച കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. സാലറിയിൽ നിന്ന് മുപ്പത് ശതമാനം കുറക്കാനാണ് ബാഴ്‌സ ആലോചിക്കുന്നത്. ഇത് മെസ്സിയുൾപ്പെടുന്ന എല്ലാവർക്കും ഒരുപോലെ ബാധകമാവുമെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്.

” ഞങ്ങൾക്ക് താരങ്ങളുമായി കരാറിലെത്താൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ ഒരിക്കലും താരങ്ങളുടെ പണം പിടിച്ചു വാങ്ങാൻ ഉദ്ദേശിക്കുന്നില്ല. ഈയൊരു സാഹചര്യത്തിൽ ചില അഡ്ജസ്റ്റ്മെന്റുകൾ നടത്തുന്നു എന്നുള്ളതാണ്. ഞങ്ങൾക്ക് സാധ്യമാവുന്ന സമയത്ത് ഞങ്ങൾ അത് തിരികെ നൽകും. ഇപ്പോഴത്തെ ഈ അവസ്ഥക്ക് ഇതാണ് പരിഹാരം. ഒരു വ്യക്തിക്ക് മാത്രമായി നമുക്ക് പ്രത്യേകപരിഗണന നൽകാൻ സാധിക്കില്ല. അത്കൊണ്ട് തന്നെ ഇത് എല്ലാവർക്കും ബാധകമാണ്. ഞങ്ങൾ ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടി സ്റ്റാഫിനെയും തൊഴിലാളികളെയും എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവരെയും തൃപ്തരാക്കുന്ന രീതിയിൽ വേണം ഇത് കൈകാര്യം ചെയ്യാൻ. മെസ്സിക്ക് മാത്രമായി ഒരു പരിഗണന സാധിക്കില്ല. ഞങ്ങൾ ഇതുവരെ ചർച്ച ചെയ്തു തീർന്നിട്ടില്ല. ഇപ്പോൾ പറയാനുള്ളത് എന്തെന്ന് വെച്ചാൽ, മെസ്സിയും അദ്ദേഹത്തിന്റെ പ്രതിനിധികളും ഇതിനോട് സന്നദ്ധത അറിയിച്ചിട്ടുണ്ട് ” ടുസ്ക്കെറ്റ്സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *