സാമ്പത്തികപ്രതിസന്ധി മറികടക്കണം, ബാഴ്സ സ്വന്തമായി ക്രിപ്റ്റോകറൻസി സൃഷ്ടിക്കുമെന്ന് ലാപോർട്ട!

ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എഫ്സി ബാഴ്സലോണ സമീപകാലത്ത് കടന്നുപോയത്.ബാഴ്സയുടെ പ്രസിഡന്റായി ലാപോർട്ട ചുമതലയേൽക്കുന്ന സമയത്ത് ഏകദേശം 1ബില്യൺ യുറോയോളം കടം ക്ലബ്ബിന് ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.ഇപ്പോഴും ആ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും മുക്തരാവാൻ ബാഴ്സക്ക് സാധിച്ചിട്ടില്ല.

അത്കൊണ്ട് തന്നെ ഫുട്ബോളിന്റെ പുറത്ത് നിന്നും വരുമാനമുണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്.ബാഴ്സ സ്വന്തമായി ക്രിപ്റ്റോകറൻസി സൃഷ്ടിക്കുമെന്നും പുതിയ NFT കൾ ആരംഭിക്കുമെന്നുമാണ് ബാഴ്സയുടെ പ്രസിഡന്റ്‌ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം മൊബൈൽ വേൾഡ് കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാപോർട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ ഞങ്ങളുടെതായ മെറ്റാവേഴ്സ് വികസിപ്പിക്കുകയാണ്.അത്കൊണ്ടാണ് ഒരുപാട് ക്രിപ്റ്റോ കറൻസി സംരംഭകരുടെ ഓഫറുകൾ ഞങ്ങൾ നിരസിച്ചത്. ഞങ്ങൾക്ക് സ്വന്തമായി ക്രിപ്റ്റോ കറൻസി സൃഷ്ടിക്കണം.പുതിയ NFT കൾ ആരംഭിക്കണം. ഇതൊക്കെ ഞങ്ങൾ തനിയെ ചെയ്യേണ്ടതുണ്ട്.കാരണം സാമ്പത്തികപരമായി ഞങ്ങൾക്ക് അതിജീവിക്കേണ്ടതുണ്ട്.കായികരംഗത്തിന് പുറത്തുനിന്നും ഞങ്ങൾക്ക് വരുമാനം നേടേണ്ടതുണ്ട്. ഞങ്ങളുടെ പിറകിൽ വലിയ കോർപ്പറേഷനുകളോ ഷെയർ ഹോൾഡേഴ്സോ ഇല്ല. പക്ഷേ ഞങ്ങൾ ധൈര്യമായി മുന്നോട്ടു പോകേണ്ടതുണ്ട് ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരം ലയണൽ മെസ്സിക്ക് ബാഴ്സ വിടേണ്ടി വന്നത് പോലും ഈ സാമ്പത്തിക പ്രതിസന്ധി മൂലമാണ്. പക്ഷേ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നു.വരുന്ന സമ്മറിലും ഒട്ടനവധി താരങ്ങളെ ബാഴ്സ ലക്ഷ്യം വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *