സമയം തീർന്നു കൊണ്ടിരിക്കുന്നു, പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാനാവാതെ ബാഴ്‌സ!
വരുന്ന സീസണിലെ ആദ്യ ലാലിഗ മത്സരത്തിന് ഇനി ദിവസങ്ങൾ മാത്രമേയൊള്ളൂ. എഫ്സി ബാഴ്സലോണയുടെ ആദ്യ മത്സരം റയൽ സോസിഡാഡിനെതിരെയാണ്.ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 11:30-നാണ് ഈ മത്സരം അരങ്ങേറുക.
എന്നാൽ ബാഴ്‌സക്ക് ഇപ്പോഴും തലവേദന ഒഴിഞ്ഞിട്ടില്ല. എന്തെന്നാൽ പുതുതായി ടീമിൽ എത്തിച്ച താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതാണ് ബാഴ്‌സക്ക് തലവേദന സൃഷ്ടിക്കുന്ന കാര്യം. പ്രത്യേകിച്ച് മത്സരങ്ങൾ ആരംഭിക്കാൻ കുറഞ്ഞ ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുവൊള്ളൂ എന്നത് ബാഴ്‌സയുടെ പ്രതിസന്ധികൾക്ക് ആക്കം കൂട്ടുകയാണ്.
ലയണൽ മെസ്സി ബാഴ്‌സ വിട്ടിട്ടും ലക്ഷ്യം വെച്ചത്ര വെയ്ജ് ബിൽ കുറഞ്ഞിട്ടില്ല. പുതുതായി ടീമിൽ എത്തിച്ച ഡീപേ, അഗ്വേറോ, എറിക് ഗാർഷ്യ എന്നിവരെയാണ് ഇനി ബാഴ്‌സക്ക് രജിസ്റ്റർ ചെയ്യാനുള്ളത്. എമഴ്സണെ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്.
Barcelona running out of time to register new signings https://t.co/pu9xgQ72DK
— Barça Blaugranes (@BlaugranesBarca) August 12, 2021
ലാലിഗ അനുശാസിക്കുന്ന വെയ്ജ് ബില്ലിലേക്ക് എത്താൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടില്ല.അത്കൊണ്ട് പ്യാനിച്ച്, ഉംറ്റിറ്റി, ബ്രൈത്വെയിറ്റ് എന്നിവരെ ബാഴ്‌സ ഒഴിവാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇവർ ക്ലബ് വിട്ടാൽ ബാഴ്‌സക്ക് പുതിയ താരത്തെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നിലവിൽ ബാഴ്സ നടത്തുന്നത്.
അതേസമയം ലീഗിലെ ആദ്യമത്സരത്തിന് മുന്നേ ഡീപേയെ രജിസ്റ്റർ ചെയ്യാനായിരിക്കും ബാഴ്‌സ ആദ്യം ശ്രമിക്കുക. എന്തെന്നാൽ അഗ്വേറോക്ക് നിലവിൽ പരിക്കാണ്, കൂടാതെ ഗാർഷ്യയാവട്ടെ ഒളിമ്പിക്സിൽ നിന്നും തിരിച്ചെത്തിയതേയൊള്ളൂ. കൂടാതെ ഡീപേ പ്രീ സീസണിൽ മികച്ച ഫോമിലുമാണ്. ഇതുകൊണ്ടൊക്കെയാണ് ഡീപേക്ക് ബാഴ്‌സ മുൻഗണന നൽകുന്നത്. അതേസമയം യുവതാരം യുസുഫ് ഡെമിറിനെ ബാഴ്‌സ ബിയിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞത് ബാഴ്‌സക്ക് ആശ്വാസമാണ്.
ഏതായാലും ആദ്യ മത്സരത്തിന് മുന്നേ ഏത് വിധേനയും താരങ്ങളെ രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങളാണ് നിലവിൽ ബാഴ്സ നടത്തുന്നത്. എന്നാൽ നിലവിലെ സാഹചര്യമനുസരിച്ച് ബാഴ്‌സക്ക് കാര്യങ്ങൾ ഒട്ടും തന്നെ എളുപ്പമല്ല.