സംഭവിക്കാൻ പാടില്ലാത്തത്, അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു, അരൗഹോക്ക്‌ പറയാനുള്ളത് ഇങ്ങനെ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണയെ 1-1 എന്ന സ്കോറിന് എയ്ബർ സമനിലയിൽ തളച്ചിരുന്നു. ഇതാദ്യമായാണ് എയ്ബർ ക്യാമ്പ് നൗവിൽ നിന്നും പോയിന്റ് കരസ്ഥമാക്കുന്നത്. ബാഴ്സ വരുത്തി വെച്ച പിഴവുകളിലൂടെയാണ് അവർക്ക് സമനില വഴങ്ങേണ്ടി വന്നത്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റി ബ്രൈത്വെയിറ്റ് പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു. പിന്നീട് ബാഴ്സ ഗോൾ വഴങ്ങിയതാവട്ടെ ഡിഫൻഡർ റൊണാൾഡ് അരൗഹോയുടെ പിഴവിൽ നിന്നും. താരത്തിന്റെ കാലിൽ നിന്നും എയ്ബർ താരം കീക്കെ പന്ത് റാഞ്ചിയെടുത്തപ്പോൾ തടയാൻ പിന്നീട് ഒരാളുമില്ലായിരുന്നു. പന്തുമായി കുതിച്ച കീക്കെ ടെർസ്റ്റീഗനെ കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു. ചുരുക്കത്തിൽ അരൗഹോയുടെ പിഴവിൽ നിന്നാണ് ബാഴ്സ ഗോൾ വഴങ്ങിയത്. ഇത് താരം തന്നെ തുറന്നു പറയുകയും ചെയ്തു. ആ പിഴവ് സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നുവെന്നും അതിനെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു എന്നുമാണ് അരൗഹോ പറഞ്ഞത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

” വേഗത്തിലായിരുന്നു അപ്പോൾ കളിച്ചിരുന്നത്. എന്റെ അത്രയടുത്ത് ഒരു താരമുണ്ടായത് ഞാൻ കണ്ടില്ലായിരുന്നു. വളരെ ഹൈ ആയിട്ടാണ് ഞങ്ങൾ കളിച്ചത്. ആ അവസരങ്ങൾ പന്ത് നഷ്ടപ്പെടുക എന്നുള്ളത് വളരെയധികം അപകടകരമായിരുന്നു. ആ സമയത്ത് ഞങ്ങൾ ആ റിസ്ക് എടുത്താണ് കളിച്ചത്. ആ പിഴവ് സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു. ഞാൻ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പക്ഷെ ഞങ്ങൾ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഞങ്ങൾ ബാഴ്സയാണ്. അവസാനം വരെ പോരാടുക തന്നെ ചെയ്യും. ഞങ്ങൾക്ക്‌ ലാലിഗ ലഭിക്കില്ല എന്നുറപ്പിച്ചു പറയാനായിട്ടില്ല. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി മുന്നോട്ട് പോവാൻ ശ്രമിക്കണം ” അരൗഹോ മത്സരശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *