വോട്ടിങ്ങുകളൊക്കെ അവസാനിപ്പിച്ചേക്കൂ,ബാലൺ ഡി’ഓർ ബെൻസിമ നേടിക്കഴിഞ്ഞു : ഹെൻറി!

ഈ സീസണിൽ റയലിനൊപ്പം മിന്നുന്ന പ്രകടനമാണ് ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമ കാഴ്ച്ചവെച്ചിട്ടുള്ളത്. റയൽ മാഡ്രിഡിന്റെ ഈ സീസണിലെ കുതിപ്പിന് പിന്നിലുള്ള പ്രധാന ചാലകശക്തി കരിം ബെൻസിമയാണ്.44 ഗോളുകളും 15 അസിസ്റ്റുകളുമാണ് ബെൻസിമ ഈ സീസണിൽ കരസ്ഥമാക്കിയിട്ടുള്ളത്.

നിലവിൽ ബാലൺ ഡി’ഓറിന് വേണ്ടി ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് താരവും ബെൻസിമ തന്നെയാണ്.ഇക്കാര്യത്തിൽ ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറിക്ക് യാതൊരുവിധ സംശയങ്ങളുമില്ല.വോട്ടിങ്ങുകളൊക്കെ അവസാനിപ്പിച്ചോളൂ,ബാലൺ ഡി’ഓർ ബെൻസിമ നേടിക്കഴിഞ്ഞു എന്നാണ് ഹെൻറി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ സിബിഎസ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഫ്രാൻസ് ഫുട്ബോളിനോട് അതല്ലെങ്കിൽ ആരാണോ വോട്ടിങ് നടത്തുന്നത്, അവരോട് എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ.വോട്ടിങ്ങുകളെല്ലാം അവസാനിപ്പിച്ചോളൂ, കാരണം ബെൻസിമ ബാലൺ ഡി’ഓർ നേടിക്കഴിഞ്ഞു ” ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.

അതേസമയം ബാലൺ ഡി’ഓർ നേടാനാവുമെന്നുള്ള പ്രതീക്ഷ ബെൻസിമ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

” ഞാൻ എന്റെ സീസൺ അവസാനിപ്പിച്ചു കഴിഞ്ഞു. ഇനി ദേശീയ ടീമിനൊപ്പം ഞാൻ ചേരും.ഇതിനേക്കാൾ മികച്ചതായി ക്ലബ്ബ് ലെവലിൽ എനിക്ക് ചെയ്യാൻ കഴിയില്ല എന്നാണ് ഞാൻ കരുതുന്നത്.അതിന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുക എന്നുള്ളത് കാത്തിരുന്ന് കാണാം. എന്തൊക്കെയായാലും ഞാൻ നേടിയ കാര്യങ്ങളിലെല്ലാം ഞാൻ അഭിമാനം കൊള്ളുന്നു ” ഇതാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും ലാലിഗയും സൂപ്പർ കോപ്പയും നേടാൻ ബെൻസിമക്ക് സാധിച്ചിരുന്നു. കൂടാതെ ഫ്രാൻസിനൊപ്പം യുവേഫ നേഷൻസ് ലീഗ് കിരീടത്തിലും അദ്ദേഹം മുത്തമിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *