വെക്കേഷനിലും വിശ്രമമില്ല, തിരിച്ചുവരാനുള്ള കഠിനാധ്വാനത്തിൽ മാഴ്‌സെലോ !
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഡിഫൻഡർ മാഴ്‌സെലോക്കിപ്പോൾ അത്ര നല്ല കാലമല്ല. താരത്തിന് സിദാൻ ഈയിടെ അവസരം നൽകിയപ്പോഴെല്ലാം താരത്തിന് പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിരുന്നില്ല.മാത്രമല്ല പല മത്സരങ്ങളിലും റയൽ തോൽവി രുചിച്ചതോടെ സിദാൻ താരത്തെ സൈഡ് ബെഞ്ചിൽ തന്നെ ഇരുത്തുകയായിരുന്നു. ഇപ്പോഴിതാ താരം തന്റെ തിരിച്ചു വരവിനുള്ള കഠിനാധ്വാനത്തിലാണ്. വെക്കേഷനിലും കഠിനപരിശീലനം തുടരുകയാണ് മാഴ്‌സെലോ ചെയ്തത്. കഴിഞ്ഞ ദിവസം താരം തന്നെയാണ് ഇൻസ്റ്റാഗ്രമിലൂടെ തന്റെ വർക്ക്‌ഔട്ടിന്റെ ദൃശ്യങ്ങൾ പുറത്തേക്ക് വിട്ടത്. ക്രിസ്മസ് ദിനത്തിലും താരം പരിശീലനം തുടരുകയായിരുന്നു. സമീപകാലത്ത് ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് മാഴ്‌സെലോ. അതിനാൽ തന്നെ തന്റെ ഫിറ്റ്നസ് വീണ്ടെടുത്ത് മടങ്ങി വരവിനുള്ള ഒരുക്കങ്ങളാണ് മാഴ്‌സെലോ നടത്തുന്നത്.
💪 Marcelo no para ni en vacacioneshttps://t.co/AbnTAjUoLw
— Mundo Deportivo (@mundodeportivo) December 25, 2020
ഈ സീസണിൽ ആകെ റയൽ കളിച്ച 21മത്സരങ്ങളിൽ കേവലം ആറു മത്സരങ്ങളിൽ മാത്രമാണ് മാഴ്‌സെലോ കളിച്ചിട്ടുള്ളത്. അഞ്ച് മത്സരങ്ങൾ ലീഗിലും ഒരു മത്സരം ചാമ്പ്യൻസ് ലീഗിലുമായിരുന്നു കളിച്ചത്. ആകെ 519 മിനുട്ടുകൾ മാത്രമാണ് ഈ സീസണിൽ കളിക്കാൻ അവസരം ലഭിച്ചത്. കഴിഞ്ഞ നവംബർ 28-ആം തിയ്യതിയാണ് മാഴ്‌സെലോ അവസാനമായി റയലിനായി കളിച്ചത്. അലാവസിനെതിരെയുള്ള ആ മത്സരത്തിൽ റയൽ 2-1 എന്ന സ്കോറിന് പരാജയപ്പെടുകയാണ് ചെയ്തത്. താരത്തിന്റെ മോശം ഡിഫൻസീവ് പ്രകടനം ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. പിന്നീട് മെന്റിയാണ് സ്ഥിരമായി റയലിനായി കളിച്ചത്. കഴിഞ്ഞ ആറു മത്സരങ്ങൾ റയൽ വിജയിക്കുകയും ചെയ്തു. ഏതായാലും പുതുവർഷത്തിലെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് മാഴ്‌സെലോ.