വീണ്ടും തിളങ്ങി,ക്രിസ്റ്റ്യാനോയുടെ വഴിയിൽ റോഡ്രിഗോ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാഡിസിനെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോ ഗോസിന്റെ തകർപ്പൻ പ്രകടനമാണ് റയലിന് മത്സരത്തിൽ ഈ വിജയം സമ്മാനിച്ചത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് റയൽ മാഡ്രിഡാണ് ഉള്ളത്.
മത്സരത്തിൽ രണ്ട് ഗോളുകളാണ് റോഡ്രിഗോ നേടിയത്.
അതിൽ ആദ്യം നേടിയ ഗോൾ വേൾഡ് ക്ലാസ് ഗോളായിരുന്നു. രണ്ടാം പകുതിയിൽ ബെല്ലിങ്ഹാം നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് റോഡ്രിഗോയായിരുന്നു. ഈ മത്സരത്തിൽ മൂന്ന് ഗോൾ പങ്കാളിത്തങ്ങളാണ് താരം വഹിച്ചിട്ടുള്ളത്.ഇതിന് മുൻപേ ലാലിഗയിൽ നടന്ന വലൻസിയക്കെതിരെയുള്ള മത്സരത്തിലും റോഡ്രിഗോ തിളങ്ങിയിരുന്നു.
Rodrygo’s incredible goal is even better from this angle. 🤯 pic.twitter.com/ofyWQFTfWA
— TC (@totalcristiano) November 26, 2023
രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായിരുന്നു ആ മത്സരത്തിൽ റോഡ്രിഗോ നേടിയിരുന്നത്. ഇതോടുകൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടി ശീലിച്ച ഒരു കണക്കിലേക്ക് പ്രവേശിക്കാൻ ഇപ്പോൾ റോഡ്രിഗോക്ക് സാധിച്ചിട്ടുണ്ട്.അതായത് തുടർച്ചയായ രണ്ട് ലാലിഗ മത്സരങ്ങളിൽ മൂന്ന് അതിലധികമോ ഗോൾ പങ്കാളിത്തങ്ങൾ വഹിക്കുന്ന റയൽ മാഡ്രിഡിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂന്നാമത്തെ താരമാണ് റോഡ്രിഗോ.ഇതിനു മുൻപ് റൊണാൾഡോ,ഹിഗ്വയ്ൻ എന്നിവരാണ് ഈ കണക്കിൽ എത്തിയിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ റയൽ മാഡ്രിഡ് കരിയറിൽ ആകെ 7 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.ഹിഗ്വയ്ൻ ഒരുതവണയാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്. ഏതായാലും ഇവരുടെ നിരയിലേക്കാണ് ഇപ്പോൾ റോഡ്രിഗോ പ്രവേശിച്ചിട്ടുള്ളത്.തകർപ്പൻ പ്രകടനമാണ് താരം ഇപ്പോൾ പുറത്തെടുക്കുന്നത്.താരത്തെ കൃത്യമായി ഉപയോഗിക്കാൻ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് സാധിക്കുന്നു എന്നതാണ് വസ്തുത.