വിളിച്ചുവരുത്തിയത് ബെഞ്ചിലിരുത്താനോ? തനിക്ക് മനസ്സിലാകുമെന്ന് ഷെസ്നി
ഇന്ന് ലാലിഗയിൽ എൽക്ലാസിക്കോ പോരാട്ടമാണ് നടക്കുന്നത്. റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. രണ്ട് ടീമുകളും മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ ഒരു കടുത്ത മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ബാഴ്സയുടെ ഗോൾകീപ്പർ ടെർ സ്റ്റീഗന് പരിക്കേറ്റതിന് പിന്നാലെയാണ് ഷെസ്നിയെ ക്ലബ്ബ് സൈൻ ചെയ്തത്. വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു വന്ന ഷെസ്നിക്ക് ഇതുവരെ അവസരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.ഇനാക്കി പെനയാണ് അവരുടെ ഗോൾവല കാക്കുന്നത്. എന്നാൽ പരിശീലകന്റെ ഈ തീരുമാനം തനിക്ക് മനസ്സിലാകുമെന്ന് ഷെസ്നി തന്നെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” എന്നെ ബെഞ്ചിൽ ഇരുത്താനുള്ള അവകാശം തീർച്ചയായും പരിശീലകന് ഉണ്ട്. കാരണം പെന അദ്ദേഹത്തെ ബെഞ്ചിൽ ഇരുത്താനുള്ള യാതൊരുവിധ കാരണങ്ങളും ഇതുവരെ ഫ്ലിക്കിന് നൽകിയിട്ടില്ല.ഞങ്ങൾ ഒരുപാട് സംസാരിക്കാറുണ്ട്.ഞാൻ 100% തയ്യാറാണ് എന്നുള്ള കാര്യം പരിശീലകനോട് നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷേ ടീം വളരെ മികച്ച രൂപത്തിൽ മുന്നോട്ടുപോകുന്നു. പ്രശ്നങ്ങൾ ഒന്നുമില്ല.അതുകൊണ്ടുതന്നെ ഞാൻ പരിശീലകനാണെങ്കിലും ഇങ്ങനെ തന്നെയായിരിക്കും സംഭവിക്കുക. എനിക്ക് കളിക്കാനുള്ള അവസരം പിന്നീട് ലഭിക്കും. നിലവിൽ ടീം വളരെ മികച്ച രൂപത്തിൽ മുന്നോട്ടു പോകുന്നുണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം “ഇതാണ് ബാഴ്സ ഗോൾകീപ്പർ പറഞ്ഞത്.
ഇന്നത്തെ മത്സരത്തിലും പെന തന്നെയായിരിക്കും ഗോൾകീപ്പർ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം റയൽ മാഡ്രിഡിന് അവരുടെ ഗോൾകീപ്പറായ കോർടുവയെ നഷ്ടമായിട്ടുണ്ട്.അത് അവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.ലുനിനായിരിക്കും ഇന്നത്തെ മത്സരത്തിൽ അവരുടെ ഗോൾവല കാക്കുക. പരിക്കു കാരണം ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോയും ഈ മത്സരത്തിൽ ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ.