വിനീഷ്യസ് വിരോധികളായി വലൻസിയ, സ്റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചു!
ഈ വർഷം മെയ് ഇരുപത്തിയൊന്നാം തീയതി ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വലൻസിയയോട് പരാജയപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വലൻസിയ സ്വന്തം മൈതാനമായ മെസ്റ്റില്ലയിൽ വെച്ച് കൊണ്ട് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിന്റെ അവസാനത്തിൽ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ റെഡ് കാർഡ് കണ്ട് പുറത്തു പോയിരുന്നു. എതിർ താരത്തെ തള്ളിയതിനായിരുന്നു ഈ ബ്രസീലിയൻ താരത്തിന് റെഡ് കാർഡ് ലഭിച്ചിരുന്നത്.
എന്നാൽ ഈ മത്സരം വലിയ വിവാദമായിരുന്നു. എന്തെന്നാൽ വലൻസിയ ആരാധകർ വിനീഷ്യസ് ജൂനിയർക്കെതിരെ ക്രൂരമായ രീതിയിൽ വംശീയമായ അധിക്ഷേപങ്ങൾ നടത്തുകയായിരുന്നു. മത്സരത്തിൽ ഉടനീളം വിനീഷ്യസ് വംശയാധിക്ഷേപത്തിന് ഇരയായി.ഫുട്ബോൾ ലോകത്തെ പിന്നീട് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.
ഇതോടെ ലാലിഗ നടപടി എടുക്കാൻ നിർബന്ധിതരായി.വിനീഷ്യസ് ജൂനിയർ തെളിവുകൾ അടക്കം പുറത്ത് വിട്ടതോടെ വലൻസിയയും ആരാധകരും പ്രതിസന്ധിയിലാവുകയായിരുന്നു.ലാലിഗശിക്ഷ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. എന്നാൽ വലൻസിയയുടെ വിനീഷ്യസ് വിരോധം ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്തെന്നാൽ അദ്ദേഹത്തിന്റെ ഡോക്യുമെന്ററി ടീമിന് മെസ്റ്റില്ലയിലേക്കുള്ള പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
¡Lo que faltaba! Netflix rodará un documental sobre Vinícius en Mestalla 👀https://t.co/ukmbBnb8jg
— Diario SPORT (@sport) February 24, 2024
വിനീഷ്യസ് ജൂനിയറിന്റെ ഒരു ഡോക്യുമെന്ററി ഇപ്പോൾ നെറ്റ്‌ഫ്ലിക്സ് നിർമ്മിക്കുന്നുണ്ട്. അതിനുവേണ്ടി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള അനുമതി അവർ വലൻസിയയോട് തേടിയിരുന്നു. എന്നാൽ വലൻസിയ അത് നൽകിയിട്ടില്ല എന്നുള്ള കാര്യം ലാലിഗ പ്രസിഡണ്ട് സ്ഥിരീകരിക്കുകയായിരുന്നു. ലാലിഗക്ക് ഇക്കാര്യത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും അത് വലൻസിയയുടെ തീരുമാനമാണ് എന്നുമായിരുന്നു ടെബാസ് വിശദീകരിച്ചിരുന്നത്. ഏതായാലും വരുന്ന ഞായറാഴ്ചയാണ് വലൻസിയയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം അരങ്ങേറുന്നത്.ആ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് വിനീഷ്യസ് ഇപ്പോൾ മെസ്റ്റില്ലയിലേക്ക് മടങ്ങിയെത്തുന്നത്.