വിനീഷ്യസ് രണ്ടാമനാകുമോ? എംബപ്പേയുടെ സന്തോഷത്തിന് പ്രാധാന്യം നൽകാൻ പെരസ്!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് ഇത് ഒരല്പം ബുദ്ധിമുട്ടേറിയ സമയമാണ്.അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും വലിയ പരാജയങ്ങൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. നിരവധി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും അതിനോട് നീതിപുലർത്തുന്ന രൂപത്തിലുള്ള പ്രകടനം ഇതുവരെ പുറത്തെടുക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ ഇപ്പോൾ പരിശീലകനും താരങ്ങൾക്കും ഏൽക്കേണ്ടി വരുന്നുണ്ട്.
കിലിയൻ എംബപ്പേക്ക് പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു തുടക്കം ലഭിച്ചിട്ടില്ല. 15 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.എട്ടുമത്സരങ്ങളിൽ അദ്ദേഹം ഗോളുകൾ ഒന്നും നേടിയിട്ടില്ല.നമ്പർ നയൻ പൊസിഷനിലാണ് അദ്ദേഹം കളിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് ഗോളുകൾ നേടാൻ കഴിയുന്നില്ല.പല അവസരങ്ങളും അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെ താരത്തിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.
എംബപ്പേ യഥാർത്ഥത്തിൽ ഒരു നമ്പർ നയൻ സ്ട്രൈക്കർ താരമല്ല.മറിച്ച് ഇടതുവിങ്ങിൽ കളിക്കുന്നതാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.വിനീഷ്യസ് ജൂനിയർ ഇടത് വിങ്ങിൽ ഉള്ളതുകൊണ്ട് തന്നെ എംബപ്പേക്ക് അവിടെ അവസരം ലഭിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ സ്പോർട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് വിനീഷ്യസിനേക്കാൾ കൂടുതൽ പ്രാധാന്യം എംബപ്പേക്ക് നൽകാൻ റയലിന്റെ പ്രസിഡന്റായ പെരസ് ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്.
എംബപ്പേയുടെ സന്തോഷത്തിന് പ്രാധാന്യം നൽകി അദ്ദേഹത്തെ ഫോമിലേക്ക് കൊണ്ട് വരിക എന്നതാണ് അദ്ദേഹത്തിന്റെ തീരുമാനം. അതായത് വിനീഷ്യ സിന് പകരം എംബപ്പേ ഇടത് കളിക്കാനുള്ള ഒരു സാധ്യത അവിടെയുണ്ട്.വിനീഷ്യസ് ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.9 ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷേ എംബപ്പേ ഇതിനേക്കാൾ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്.
പിഎസ്ജിയിൽ ഇടത് വിങ്ങറായി കളിച്ച 71 മത്സരങ്ങളിൽ നിന്ന് 63 ഗോളുകളും 17 അസിസ്റ്റുകളും നേടിയ താരമാണ് എംബപ്പേ. ഏതായാലും റയലിന്റെ പരിശീലകനായ ആഞ്ചലോട്ടി ഈ സൂപ്പർ താരങ്ങളുടെ പൊസിഷനുകളിൽ മാറ്റം വരുത്തുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.