വിനീഷ്യസിന് തന്നെയാണ് ബാലൺഡി’ഓർ നൽകേണ്ടത്:ബെൻസിമ
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം ആര് സ്വന്തമാക്കും എന്നുള്ളത് ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. വരുന്ന ഒക്ടോബർ 28ആം തീയതി പാരീസിൽ വെച്ചുകൊണ്ടാണ് ഈ പുരസ്കാരം സമ്മാനിക്കപ്പെടുക.പ്രധാനമായും മൂന്ന് താരങ്ങൾക്കാണ് ഇപ്പോൾ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.വിനീഷ്യസ്,ജൂഡ് ബെല്ലിങ്ങ്ഹാം,റോഡ്രി എന്നിവരാണ് ആ മൂന്ന് താരങ്ങൾ.പുരസ്കാരത്തിന് വേണ്ടി ഒരു കടുത്ത പോരാട്ടം നടക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ കരിം ബെൻസിമ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.റയൽ മാഡ്രിഡിനൊപ്പം ബാലൺഡി’ഓർ പുരസ്കാരം നേടിയ താരം കൂടിയാണ് ബെൻസിമ. അദ്ദേഹം ഇപ്പോൾ പിന്തുണക്കുന്നത് വിനീഷ്യസ് ജൂനിയറെ തന്നെയാണ്. അതിനുള്ള കാരണവും ബെൻസിമ വിശദീകരിക്കുന്നുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“വിനീഷ്യസ് ജൂനിയറാണ് എന്റെ അഭിപ്രായത്തിൽ ബാലൺഡി’ഓർ അർഹിക്കുന്നത്.ഈ സീസണിൽ മാത്രമല്ല,കഴിഞ്ഞ സീസണിലും അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. മറ്റുള്ള എല്ലാ താരങ്ങളിലും മുകളിലാണ് നിലവിൽ വിനീഷ്യസ് ജൂനിയർ.ഒരു കംപ്ലീറ്റ് ഫുട്ബോളറാണ് അദ്ദേഹം. ഒരു മത്സരം തനിയെ വിജയിപ്പിച്ചെടുക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.തീർച്ചയായും സഹതാരങ്ങളുടെ സഹായം അദ്ദേഹത്തിന് ഉണ്ട്,പക്ഷേ ക്ലബ്ബിന് ഏറ്റവും ആവശ്യമായ സമയത്ത് അദ്ദേഹം മികവിലേക്ക് ഉയരുന്നു എന്നുള്ളതാണ് പ്രത്യേകത.അതുകൊണ്ടാണ് അദ്ദേഹം അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നത്. എന്റെ ഫേവറേറ്റ് വിനീഷ്യസ് ജൂനിയറാണ് ” ഇതാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തായിരുന്നു. ഇത് വിനീഷ്യസിന് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. അതേസമയം ബെല്ലിങ്ങ്ഹാം ഇംഗ്ലണ്ടിനൊപ്പം ഫൈനലിൽ എത്തിയിരുന്നു.യൂറോ കപ്പ് നേടിയതോടെയാണ് റോഡ്രിയുടെ സാധ്യതകൾ വർദ്ധിച്ചത്.