വിനീഷ്യസിനെ റയൽ ചെയ്തത് നോക്കൂ:ചാവിക്കെതിരെ പൊട്ടിത്തെറിച്ച് റോക്കിന്റെ ഏജന്റ്!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബാഴ്സലോണ ബ്രസീലിയൻ സൂപ്പർതാരമായ വിറ്റോർ റോക്കിനെ ടീമിനോടൊപ്പം ചേർത്തത്. ചാവിയുടെ നിർബന്ധപ്രകാരമായിരുന്നു അദ്ദേഹം ജനുവരി ടീമിനോടൊപ്പം ജോയിൻ ചെയ്തത്. എന്നാൽ ചാവി ഈ ബ്രസീലിയൻ താരത്തിന് വേണ്ടത്ര അവസരങ്ങൾ നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ റോക്കിന്റെ ഏജന്റായ ആൻഡ്രേ ക്യൂരി വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ റോക്കിന്റെ ഏജന്റ് ഇപ്പോൾ നടത്തിയിട്ടുണ്ട്. വിനീഷ്യസ് ജൂനിയർ ഫോമിലേക്ക് എത്താൻ റയൽ മാഡ്രിഡ് രണ്ടര വർഷത്തോളം അവസരങ്ങൾ നൽകിയെന്നും ബാഴ്സലോണ ഇപ്പോൾതന്നെ റോക്കിനെ കൊല്ലാനാണ് ശ്രമിക്കുന്നത് എന്നുമാണ് താരത്തിന്റെ ഏജന്റ് ആരോപിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“റോക്കിന് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്.കേവലം 300 മിനുട്ട് മാത്രം കളിച്ച താരം രണ്ട് ഗോളുകൾ ആ സമയത്തിനുള്ളിൽ നേടിയിട്ടുണ്ട്. കളിച്ച സമയങ്ങളുടെ ആവറേജ് വെച്ച് നോക്കുമ്പോൾ ബാഴ്സയുടെ ടോപ് സ്കോറർ റോക്കാണ്.മറ്റെല്ലാ യുവ താരങ്ങൾക്കും ചാവി അവസരം നൽകുന്നുണ്ട്.റോക്കിനോട് മാത്രം വിവേചനം കാണിക്കുന്നു. റയൽ മാഡ്രിഡിലെ വിനീഷ്യസിന്റെ കാര്യം എടുത്തു നോക്കു. ഏകദേശം രണ്ടര വർഷത്തോളമാണ് റയൽ മാഡ്രിഡ് അദ്ദേഹത്തിന് അവസരങ്ങൾ നൽകിയത്.എന്നിട്ടാണ് അദ്ദേഹം ഫോമിലേക്ക് എത്തിയത്.എന്നാൽ ഇവിടെ ബാഴ്സയിൽ അങ്ങനെയല്ല. ഇപ്പോൾതന്നെ അവർ റോക്കിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്.ടോട്ടൻഹാമിൽ നിന്നുമാണ് ഞങ്ങൾക്ക് ഏറ്റവും മികച്ച ഓഫർ ലഭിച്ചത്. ബാഴ്സയിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സാലറി വാഗ്ദാനം ചെയ്തുകൊണ്ട് ഒരുപാട് ക്ലബ്ബുകൾ വന്നിരുന്നു. പക്ഷേ ബാഴ്സയെ സ്നേഹിക്കുന്നതു കൊണ്ട് റോക്ക് ബാഴ്സയെ തിരഞ്ഞെടുക്കുകയായിരുന്നു.ഈ പ്രായത്തിൽ അദ്ദേഹത്തെ ലോണിൽ വിടുക എന്നത് വളരെ അപകടകരമായ കാര്യമാണ്. ഞങ്ങൾ ബാഴ്സ വിടുകയാണെങ്കിൽ പെർമനന്റ് ഡീലിലായിരിക്കും. അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഞങ്ങൾ ഉടൻതന്നെ ക്ലബ്ബുമായി ചർച്ച നടത്തും “ഇതാണ് റോക്കിന്റെ ഏജന്റ് പറഞ്ഞിട്ടുള്ളത്.

പകരക്കാരനായി പോലും റോക്കിന് അവസരം നൽകാൻ ചാവി തയ്യാറാകുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അടുത്ത സീസണിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നുള്ള ഉറപ്പ് ലഭിച്ചിട്ടില്ലെങ്കിൽ റോക്ക് ബാഴ്സലോണ വിടാനുള്ള സാധ്യതയുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് 500 മില്യൻ യുറോയാണ് എന്നുള്ളത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!