വിനിയെ തോൽപ്പിക്കാൻ ബെല്ലിങ്ങ്ഹാം മെസ്സി ചെയ്തത് ചെയ്യണം: ബെയ്ൽ

ഈ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരം ആര് നേടുമെന്ന ചർച്ചകൾ ഇപ്പോൾ സജീവമായി കൊണ്ടിരിക്കുകയാണ്. പ്രധാനമായും രണ്ടു താരങ്ങൾക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.റയൽ മാഡ്രിഡ് സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരാണ് ആ രണ്ടു താരങ്ങൾ.രണ്ടുപേരും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുത്തവരാണ്. നിലവിൽ ഒരല്പം മുൻതൂക്കം വിനീഷ്യസ് ജൂനിയറിന് കൽപ്പിക്കപ്പെടുന്നുണ്ട്.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് വിജയിച്ചു കഴിഞ്ഞാൽ രണ്ടുപേർക്കും ഒരുപോലെ സാധ്യത വർദ്ധിക്കും. ഏതായാലും ഇക്കാര്യത്തിൽ മുൻ റയൽ മാഡ്രിഡ് താരമായ ബെയ്ൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് 2021ൽ മെസ്സി കോപ്പ അമേരിക്ക നേടിയത് പോലെ ഇത്തവണത്തെ യുറോ കപ്പ് ജൂഡ് ബെല്ലിങ്ങ്ഹാം ഇംഗ്ലണ്ടിനൊപ്പം നേടണമെന്നും എന്നാൽ ബാലൺഡി’ഓർ കരസ്ഥമാക്കാം എന്നുമാണ് ബെയ്ൽ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” തീർച്ചയായും ഇത്തവണ ബാലൺഡി’ഓർ ലഭിക്കാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ് ബെല്ലിങ്ങ്ഹാം. പക്ഷേ ഒരു ഇന്റർനാഷണൽ ട്രോഫി സ്വന്തമാക്കുക എന്നത് ഈ ബാലൺഡി’ഓർ പുരസ്കാരത്തിൽ നിർണായക പങ്കുവഹിക്കുന്ന ഒരു കാര്യമാണ്. ഇത്തവണ കോപ അമേരിക്കയും യൂറോകപ്പും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിനിക്കും ബെല്ലിങ്ങ്ഹാമിനും ബാലൺഡി’ഓർ നടണമെങ്കിൽ ഈ ഇന്റർനാഷണൽ ട്രോഫികൾ ആവശ്യമാണ്. രണ്ട് വർഷങ്ങൾക്കു മുൻപ് മെസ്സി ചെയ്തത് ഓർമ്മയില്ലേ? ഇന്റർനാഷണൽ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് കിരീടം നേടിക്കൊടുക്കാൻ ബെല്ലിങ്ങ്ഹാമിന് കഴിഞ്ഞാൽ അദ്ദേഹത്തിന് ഈ പുരസ്കാരം സ്വന്തമാക്കാം.തീർച്ചയായും അദ്ദേഹത്തിന് ഇനിയും ഒരുപാട് തെളിയിക്കാനുണ്ട്. തന്റെ ഹാർഡ് വർക്കിലൂടെ അദ്ദേഹം ഒരുപാട് തെളിയിച്ചു കഴിഞ്ഞിട്ടുമുണ്ട് ” ഇതാണ് ബെയ്ൽ പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടി കഴിഞ്ഞാൽ പിന്നെ ഈ ഇന്റർനാഷണൽ ട്രോഫികൾക്കാണ് പ്രസക്തി കൈവരിക.ബെല്ലിങ്ങ്ഹാം-വിനി എന്നിവർക്കിടയിൽ ആരാണോ ഇന്റർനാഷണൽ ട്രോഫി കരസ്ഥമാക്കുന്നത് അവർക്ക് സാധ്യത വർദ്ധിക്കുകയാണ് ചെയ്യുക. കോപ്പ അമേരിക്കയിലെ കിരീട ഫേവറേറ്റുകളാണ് ബ്രസീൽ എങ്കിൽ യൂറോ കപ്പിലെ കിരീട ഫേവറേറ്റുകളാണ് ഇംഗ്ലണ്ട്. അതുകൊണ്ടുതന്നെ രണ്ടുപേർക്കും ഇടയിൽ ഒരു കോമ്പറ്റീഷൻ നമുക്ക് കാണാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *