വിജയകുതിപ്പവസാനിച്ചു, സെമിയിൽ ബാഴ്‌സയെ കീഴടക്കി സെവിയ്യ!

കോപ്പ ഡെൽ റേയിൽ നടന്ന സെമി ഫൈനലിന്റെ ആദ്യപാദ പോരാട്ടത്തിൽ ബാഴ്‌സക്ക് തോൽവി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്‌സ സെവിയ്യക്ക് മുന്നിൽ മുട്ടുമടക്കിയത്. സെവിയ്യക്ക് വേണ്ടി കൗണ്ടെ, റാക്കിറ്റിച്ച് എന്നിവരാണ് ഗോളുകൾ നേടിയത്.ഗോൾ നേടാൻ ബാഴ്സ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സെവിയ്യ ഗോൾ കീപ്പർ യസ്സിൻ ബാഴ്സക്ക് തടസ്സമാവുകയായിരുന്നു. സെവിയ്യയുടെ മൈതാനത്ത് വെച്ചായിരുന്നു മത്സരം നടന്നത്. ഇനി ക്യാമ്പ് നൗവിൽ വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ബാഴ്സക്ക് വൻ മാർജിനിലുള്ള വിജയം നിർബന്ധമായിരിക്കുകയാണ്.തുടർച്ചയായ ആറ് വിജയങ്ങൾ നേടിയതിന് ശേഷമാണ് ബാഴ്‌സ പരാജയം രുചിച്ചത്.

സൂപ്പർ താരങ്ങളായ മെസ്സി, ഗ്രീസ്‌മാൻ, ഡെംബലെ എന്നിവരായിരുന്നു ബാഴ്‌സയുടെ മുന്നേറ്റത്തെ നയിച്ചിരുന്നത്. 25-ആം മിനിറ്റിലാണ് കൗണ്ടെയുടെ ഗോൾ പിറക്കുന്നത്. ഒരു തകർപ്പൻ ഷോട്ടിലൂടെ താരം വലകുലുക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നൽകാൻ മെസ്സിയും സംഘവും പരിശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.തുടർന്ന് 85-ആം മിനുട്ടിൽ മുൻ ബാഴ്സ താരമായ റാക്കിറ്റിച്ച് ഒരു കരുത്തുറ്റ ഷോട്ടിലൂടെ വലകുലുക്കിയതോടെ ബാഴ്സയുടെ വിജയപ്രതീക്ഷകൾക്ക് വിരാമമായി.ഇനി മാർച്ച്‌ നാലാം തിയ്യതിയാണ് ഇതിന്റെ രണ്ടാം പാദ മത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *