വരാനെ റയൽ വിടുന്നത് ഗുണം ചെയ്യുക എംബപ്പേക്ക്‌!

റയലിന്റെ ഫ്രഞ്ച് ഡിഫൻഡർ റാഫേൽ വരാനെ റയൽ വിടുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. താരം പ്രീമിയർ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുകയാണ് എന്നുള്ളത് എല്ലാ മാധ്യമങ്ങളും സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായിട്ടില്ല. ഏകദേശം അൻപത് മില്യൺ യൂറോക്കടുത്തായിരിക്കും റയലിന് ട്രാൻസ്ഫർ ഫീയായി ലഭിക്കുക എന്നതാണ് സൂചനകൾ. ഈ തുക ഗുണം ചെയ്യുക സൂപ്പർ താരം എംബപ്പേക്കായിരിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ മാർക്ക. അതായത് എംബപ്പേക്ക്‌ വേണ്ടി ഫണ്ട് കണ്ടെത്തുകയാണ് നിലവിൽ റയൽ ചെയ്യുന്നത്. ഈ ഫണ്ടുയർത്താൻ വരാനെയുടെ ട്രാൻസ്ഫറിലൂടെ റയലിന് സാധിക്കും.

കരാർ പുതുക്കാൻ താല്പര്യമില്ല എന്നുള്ള കാര്യം എംബപ്പേ പിഎസ്ജിയെ അറിയിച്ചിരുന്നു. അത്കൊണ്ട് തന്നെ താരം ഫ്രീ ഏജന്റാവുന്നതിന് മുമ്പ് വിൽക്കാൻ തന്നെയായിരിക്കും പിഎസ്ജിയുടെ പദ്ധതി. എംബപ്പേയുടെ ലക്ഷ്യം റയലാണെന്നും വ്യക്തമായ കാര്യമാണ്. പക്ഷേ 180 മില്യൺ യൂറോയോളമാണ് പിഎസ്ജി എംബപ്പേയുടെ വിലയായി കണ്ടു വെച്ചിരിക്കുന്നത്. ഇത്‌ കുറക്കുമെന്ന് തന്നെയാണ് റയലിന്റെ പ്രതീക്ഷ. കോവിഡ് പ്രതിസന്ധി ബാധിച്ചതിനാൽ കൂടുതൽ ട്രാൻസ്ഫറുകൾ നടത്താൻ റയൽ ഉദ്ദേശിക്കുന്നില്ല. അലാബയെ ഫ്രീ ട്രാൻസ്ഫറിൽ എത്തിച്ചു എന്നത് മാത്രമാണ് ഇത്തവണ റയൽ നടത്തിയ ട്രാൻസ്ഫർ. ഇനി എംബപ്പേ മാത്രമാണ് റയലിന്റെ ലക്ഷ്യം.സെർജിയോ റാമോസും വരാനെയും ക്ലബ് വിടുന്നതോടെ ഇരുവർക്കും സാലറി നൽകേണ്ടതില്ല എന്നുള്ളത് റയലിന് ആശ്വാസകരമാണ്. അതേസമയം 20 മില്യൺ യൂറോയെങ്കിലും എംബപ്പേക്ക്‌ സാലറിയിനത്തിൽ നൽകേണ്ടി വരുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്. അത്കൊണ്ട് തന്നെ ആവശ്യമില്ലാത്ത കുറച്ചു താരങ്ങളെ കൂടി ഒഴിവാക്കാനും നിലവിൽ റയൽ ആലോചിക്കുന്നുണ്ട്. ഏതായാലും എംബപ്പേ എത്തുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് റയൽ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *