വംശീയാധിക്ഷേപം, മാപ്പ് പറഞ്ഞ് ഡെംബലെയും ഗ്രീസ്മാനും!

കഴിഞ്ഞ ദിവസമായിരുന്നു ഫുട്ബോൾ ലോകത്ത് നിന്ന് പുറത്തു വന്ന ഒരു വീഡിയോ വലിയ തോതിൽ ചർച്ചാവിഷയമായത്.എഫ്സി ബാഴ്സലോണയുടെ താരങ്ങളായ ഡെംബലെയും ഗ്രീസ്മാനുമുൾപ്പെട്ട ഒരു വീഡിയോയായിരുന്നു അത്‌.ഹോട്ടൽ റൂമിലെ ടെലിവിഷൻ റിപ്പയർ ചെയ്യാൻ വന്ന ജാപ്പനീസുകാരെ ഡെംബലെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഇത്‌ കേട്ട് ഗ്രീസ്‌മാൻ ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.” ഇവരുടെ വൃത്തികെട്ട മുഖം കാരണം ഇവർക്ക് ലജ്ജ തോന്നുന്നില്ലേ..?എന്തൊരു മോശമായ ഭാഷയാണിത്? ടെക്ക്നോളജി വികസിച്ചിട്ടുള്ള രാജ്യമാണോ നിങ്ങളുടെ രാജ്യം? ” ഇതായിരുന്നു ജപ്പാൻക്കാരെ നോക്കി കൊണ്ട് ഡെംബലെ പരിഹാസരൂപേണ പറഞ്ഞത്. ഇതിന് ഗ്രീസ്‌മാൻ ചിരിക്കുകയും ചെയ്തു.2019-ലാണ് ഇക്കാര്യം നടന്നതെങ്കിലും ഇപ്പോഴാണ് ഇത്‌ ശ്രദ്ധ നേടുന്നത്. ഇതോടെ ഇരുവർക്കുമെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ഇരുവരും മാപ്പ് പറയുകയും ചെയ്തു.

ട്വിറ്റെറിലൂടെയാണ് ഗ്രീസ്‌മാൻ തന്റെ മാപ്പ് അറിയിച്ചിട്ടുള്ളത്. ” ഞാൻ എപ്പോഴും ഏതൊരു രീതിയിലുമുള്ള വിവേചനത്തിനെതിരാണ്.ഞാൻ ഒരിക്കലും ഭാഗമാവാത്തതിന്റെ ഭാഗമാക്കാനാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായിട്ട് ചില ആളുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.എനിക്കെതിരെ നിലവിൽ ഉയർന്നിട്ടുള്ള ആരോപണങ്ങൾ എല്ലാം തന്നെ ഞാൻ നിഷേധിക്കുന്നു.കൂടാതെ എന്റെ ജാപ്പനീസ് സുഹൃത്തുക്കളെ ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ അതിന് മാപ്പ് ചോദിക്കുന്നു ” ഇതാണ് ഗ്രീസ്‌മാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഡെംബലെയും മാപ്പ് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. “ഇക്കാര്യം ജപ്പാനിലോ അതല്ലെങ്കിൽ ലോകത്തിന്റെ ഏത് ഭാഗത്തു നടന്നാലും ഞാൻ ഇത്പോലെയുള്ള രീതിയിൽ തന്നെയാണ് പെരുമാറുക.കാരണം ഞാൻ എന്റെ സുഹൃത്തുക്കൾക്കിടയിലും പ്രൈവറ്റ് സ്പേസിലും ഇത്പോലെയുള്ള എക്സ്പ്രെഷൻസ് തന്നെയാണ് നടത്താറുള്ളത്.അവിടെ ഒറിജിൻ എന്താണെന്ന് നോക്കാറില്ല.പക്ഷേ ഈ വീഡിയോ പലരെയും വേദനിപ്പിച്ചെന്ന് ഞാൻ മനസ്സിലാക്കുന്നു.അത്കൊണ്ട് തന്നെ ഞാൻ ആത്മാർത്ഥമായി അവരോടെല്ലാം ക്ഷമ ചോദിക്കുന്നു ” ഇതാണ് ഡെംബലെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഏതായാലും ഇരുവരുടെയും ഈ പ്രവർത്തി ഇപ്പോഴും ചർച്ചാവിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *