ലൗറ്ററോയോ ഡീപേയോ? സുവാരസിന്റെ പകരക്കാരനായി ആരെ ലഭിക്കുമെന്ന സംശയത്തിൽ ബാഴ്സ !

ഈ ട്രാൻസ്ഫർ ജാലകത്തിൽ കൂമാൻ ക്ലബ് വിടാൻ കല്പിച്ച താരമാണ് ലൂയിസ് സുവാരസ്. താരം ഇതുവരെ ക്ലബ് വിട്ടിട്ടില്ലെങ്കിലും താരം ഏകദേശം ബാഴ്സയിൽ നിന്ന് പുറത്തായ സ്ഥിതിയാണ്. പക്ഷെ താരത്തിന്റെ പകരക്കാരനായി ആരെ ലഭിക്കുമെന്നാണ് ബാഴ്സയെ ഇപ്പോൾ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. രണ്ട് താരങ്ങളെയാണ് ബാഴ്സ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇന്റർമിലാന്റെ അർജന്റൈൻ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ്, ലിയോണിന്റെ ഡച്ച് സ്ട്രൈക്കെർ മെംഫിസ് ഡീപേ എന്നിവരെയാണ് ബാഴ്സ ലക്ഷ്യം വെച്ചിരിക്കുന്നത്. എന്നാൽ ഇരുവരിൽ ആരെ ലഭിക്കുമെന്ന കാര്യം ബാഴ്സയെ സംശയയത്തിലാക്കുന്നുണ്ട്. അത്പോലെ തന്നെ ആർക്ക് മുൻഗണന നൽകണമെന്നും ഒരു ചെറിയ പ്രശ്നമാണ്. പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് പ്രിയം മെംഫിസ് ഡീപേയോട് ആണെങ്കിൽ ബാഴ്സക്ക് നേരെ തിരിച്ചാണ്. ലൗറ്ററോ മാർട്ടിനെസിനെയാണ് ബാഴ്സക്ക് പ്രിയവും ഏറെ കാലമായി ബാഴ്സ ശ്രമിച്ചു കൊണ്ടിരിക്കുന്നതും. പക്ഷെ ഇരുവരുടെയും ട്രാൻസ്ഫർ അത്ര എളുപ്പം നടക്കില്ല എന്ന് വ്യക്തമാണ്.

ഒക്ടോബർ അഞ്ചിനാണ് ട്രാൻസ്ഫർ ജാലകം അടക്കുന്നത്. അതിന് മുമ്പ് ഒരു താരത്തെ ടീമിലെത്തിക്കാൻ വേണ്ടിയുള്ള കഠിനശ്രമത്തിലാണ് ബാഴ്സ. നിലവിൽ ഒരുപാട് മുന്നേറ്റനിര താരങ്ങൾ ബാഴ്‌സക്കുണ്ടെങ്കിലും ഒരു നമ്പർ നയണെ വേണം എന്ന നിലപാടിലാണ് പരിശീലകൻ. മെസ്സി, ഗ്രീസ്‌മാൻ, ഡെംബലെ, ഫാറ്റി എന്നിവരെയൊക്കെ ഉണ്ടെങ്കിലും ഒരു സൂപ്പർ താരം കൂടി വേണമെന്നാണ് കൂമാന്റെ നിലപാട്. നിലവിൽ ബാഴ്സ ലക്ഷ്യം വെക്കുന്ന ഡീപേ ഒരു യഥാർത്ഥ നമ്പർ നയൺ അല്ല. മറിച്ച് മൂന്ന് പൊസിഷനിലും കളിപ്പിക്കാൻ സാധിക്കുന്ന ഒരു കളിക്കാരനാണ്. സുവാരസിന് ഒത്ത പകരക്കാരനാവാൻ ഡീപേക്ക് കഴിയില്ല എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. പക്ഷെ ലൗറ്ററോയുടെ കാര്യത്തിലേക്ക് വന്നാൽ ആരാധകർക്ക് കൂടുതൽ വിശ്വാസമാണ്. ഒരു പരിധി വരെ സുവാരസിന്റെ വിടവ് നികത്താൻ താരത്തിനാവുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.കഴിഞ്ഞ സീസണിൽ ഇന്ററിന് വേണ്ടി മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു. ഡീപേയെക്കാൾ നല്ലത് ലൗറ്ററോ ആണെന്നാണ് ഭൂരിപക്ഷാഭിപ്രായം.പക്ഷെ ഡീൽ നടക്കാൻ ഏറ്റവും സാധ്യതയുള്ളത് ഡീപേയുടേത് ആണ്. ഏതായാലും എന്താവുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *