ലൗറ്ററോക്ക് വേണ്ടിയുള്ള നീക്കങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ബാഴ്‌സ പ്രസിഡന്റ്‌

ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ ബാഴ്‌സ പരിശ്രമിച്ചു തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ഇന്റർമിലാനുമായി ഒട്ടനവധി തവണ ചർച്ചകൾ നടത്തിയിട്ടും ധാരണയിലെത്താൻ കഴിയാതെ പോയത് ബാഴ്സക്ക് തിരിച്ചടിയാവുകയായിരുന്നു.ജൂലൈ ഏഴാം തിയ്യതി താരത്തിന്റെ റീലിസ് ക്ലോസ് കാലാവധി അവസാനിച്ചത് ഒരർത്ഥത്തിൽ ബാഴ്സക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു. കൂടാതെ കോവിഡ് പ്രതിസന്ധി കാരണമുള്ള സാമ്പത്തിക ബുദ്ദിമുട്ടുകളും ബാഴ്‌സയെ ഈ ഉദ്യമത്തിൽ നിന്നും പിന്നോട്ടടിപ്പിച്ചു. പക്ഷെ ബാഴ്സയിപ്പോഴും ലൗറ്ററോക്ക് വേണ്ടിയുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ല എന്ന് വ്യക്തമായിരിക്കുകയാണിപ്പോൾ. ബാഴ്സ പ്രസിഡന്റ്‌ ജോസഫ് മരിയ ബർതോമ്യുവാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ലൗറ്ററോയെ ടീമിലെത്തിക്കുന്നതിനെ കുറിച്ച് ഇപ്പോഴും വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. പുതുതായി ടിവി ത്രീക്ക് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ലൗറ്ററോയെ ടീമിൽ എത്തിക്കാൻ ബാഴ്സ ഇപ്പോഴും ശ്രമങ്ങൾ തുടരുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്.

” അടുത്ത ട്രാൻസ്ഫർ മാർക്കെറ്റ് ഇതുവരെ ഉള്ളതിൽ നിന്നും അല്പം വ്യത്യസ്ഥത ഉള്ളതായിരിക്കും. വലിയ ക്ലബുകൾ എല്ലാം തന്നെ സാമ്പത്തികപ്രശ്നങ്ങൾ കാരണം പരിമിതപ്പെട്ടിരിക്കുന്നു. പക്ഷെ ബാഴ്സ എപ്പോഴും ട്രാൻസ്ഫർ വിപണിയിൽ മുൻപന്തിയിൽ ഉണ്ടാവും. ലൗറ്ററോയുടെ കാര്യത്തിൽ ചർച്ചകൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹത്തെ ക്ലബിൽ എത്തിക്കാനുള്ള സാധ്യതകളെ കുറിച്ച് വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണ്. കുറച്ചു ആഴ്ചകൾക്ക് മുന്നേ ഞങ്ങൾ ഇന്ററുമായി വീണ്ടും സംസാരിച്ചിരുന്നു. തീർച്ചയായും കാര്യങ്ങൾ ചെറിയ രീതിയിൽ മാറിവരുന്നുണ്ട് ” ബർതോമ്യു പറഞ്ഞു. ഇന്റർമിലാന്റെ താരമായ ലൗറ്ററോ സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിലാണ് കളിച്ചതെങ്കിലും ലീഗ് പുനരാരംഭിച്ച ശേഷം താരത്തിന് ഫോം കണ്ടെത്താനായിട്ടില്ല. ബാഴ്സയുമായുള്ള അഭ്യൂഹങ്ങൾ താരത്തിന്റെ പ്രകടനത്തെ ബാധിച്ചു എന്നാണ് ഫുട്ബോൾ പണ്ഡിതരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *