ലൗറ്ററോ ബാഴ്സയിൽ തന്റേതായ സ്ഥാനം നേടിയെടുക്കേണ്ടി വരുമെന്ന് സ്കലോണി

ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ് ബാഴ്സയിലേക്ക് പോവുകയാണെങ്കിൽ അവിടെ താരം തന്റേതായ സ്ഥാനം നേടിയെടുക്കേണ്ടി വരുമെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. കഴിഞ്ഞ ദിവസം റേഡിയോ ലാ റെഡിന് നൽകിയ അഭിമുഖത്തിലാണ് ലൗറ്ററോ ബാഴ്സ എത്തിയാൽ മികച്ച പ്രകടനം നടത്തേണ്ടി വരുമെന്ന് സ്കലോണി അഭിപ്രായം പ്രകടിപ്പിച്ചത്. ഇതിന് മുൻപ് ലൗറ്ററോ ബാഴ്സയിൽ എത്തണമെന്ന് സ്കലോണി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മെസ്സിയും ലൗറ്ററോയും ഒരുമിച്ചു കളിച്ചാൽ അത് അർജന്റീനക്ക് ഗുണം ചെയ്യുമെന്നായിരുന്നു അന്ന് സ്കലോണി അഭിപ്രായപ്പെട്ടിരുന്നത്.

” ലൗറ്ററോ മാർട്ടിനെസ് ബാഴ്സയിലേക്ക് പോവുകയാണെങ്കിൽ, ബാഴ്സ പരിശീലകൻ ക്വീക്കെ സെറ്റിയൻ താരത്തിന് ആദ്യഇലവനിൽ സ്ഥാനം നൽകും. അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ ലൗറ്ററോക്ക് കഴിഞ്ഞാൽ തീർച്ചയായും ബാഴ്സയിൽ തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിയും.പക്ഷെ താരം ആ ത്യാഗം ചെയ്യേണ്ടതുണ്ട്. അവിടെ തന്റേതായ സ്ഥാനം താരം തന്നെ നേടിയെടുക്കേണ്ടി വരും. ഇന്റർമിലാനിൽ നിന്ന് താരത്തെ ബാഴ്സയിലേക്ക് കൊണ്ടുവരിക എന്നുള്ളത് ലളിതമായ കാര്യമില്ല.തീർച്ചയായും അദ്ദേഹത്തിന് തന്റെ ഫോം തുടരാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഭാവിയിൽ മികച്ച ഒരു സ്‌ട്രൈക്കറായി മാറാൻ ലൗറ്ററോക്ക് കഴിയും ” അഭിമുഖത്തിൽ അർജന്റീന പരിശീലകൻ പറഞ്ഞു.

2018-ൽ റേസിങ് ക്ലബിൽ നിന്നാണ് ലൗറ്ററോ ഇന്റർമിലാനിൽ എത്തിയത്. വളരെ വേഗം തന്നെ ഇന്റർമിലാനുമായി ഇണങ്ങി ചേരാൻ താരത്തിനായി. ഇന്റർജേഴ്‌സിയിൽ ആകെ 25 ഗോളുകൾ നേടിയ താരം ഈ സീസണിൽ 31 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും നേടി. അർജന്റീന ജേഴ്‌സിയിലും അരങ്ങേറ്റം കുറിച്ച താരം തകർപ്പൻ പ്രകടനം തുടർന്നിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ മുഴങ്ങികേൾക്കുന്ന നാമങ്ങളിലൊന്നാണ് ലൗറ്ററോയുടേത്.

Leave a Reply

Your email address will not be published. Required fields are marked *