ലൗറ്ററോക്ക് പകരക്കാരനെ അന്വേഷിച്ച് ഇന്റർ, താരം ബാഴ്‌സയിലേക്ക്?

സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിന് വേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്സ ആരംഭിച്ചിട്ട് നാളുകൾ ഒത്തിരിയായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തികസ്ഥിതിഗതികൾ താളംതെറ്റുകയും ബാഴ്സ ചർച്ചകൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ പരിശീലകൻ കൂമാന്റെ വരവ് ബാഴ്സയിൽ കാര്യങ്ങളെ ദ്രുതഗതിയിൽ ആക്കിയിരിക്കുകയാണ്. ബാഴ്സ ഇന്ററിൽ സമ്മർദ്ദം ചെലുത്തുകയും വീണ്ടും ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതൽ കാലം ലൗറ്ററോയെ പിടിച്ചു നിർത്താൻ പറ്റില്ല എന്ന് മനസ്സിലാക്കിയ ഇന്റർ മറ്റൊരു നീക്കം ആരംഭിച്ചു കഴിഞ്ഞു. ലൗറ്ററോ മാർട്ടിനെസിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കാണ് ഇന്റർ ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വിവരം പുറത്തു വിട്ടത്.

താരത്തെ ബാഴ്‌സക്ക് കൈമാറാൻ തന്നെയാണ് ഇന്ററിന്റെ തീരുമാനം. പക്ഷെ ഫീ ആണ് ഇരുടീമുകൾക്കിടയിലും ഉള്ള പ്രാധാനതടസ്സം. നിലവിൽ ബാഴ്‌സ ഓഫർ ചെയ്തിരിക്കുന്നത് 65 മില്യൺ യുറോയും പിന്നെ ഒരു താരവുമാണ്. ഫിർപ്പോ ജൂനിയർ, നെൽസൺ സെമെടോ, അല്ലെങ്കിൽ ജോർദി ആൽബ എന്നെ താരങ്ങളിൽ ഒരാളെയാണ് ബാഴ്‌സ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ 80 മില്യൺ യുറോയും കൂടെ ഒരു താരവും എന്നാണ് ഇന്റർ മിലാന്റെ ആവശ്യം. ഇതാണിപ്പോൾ ട്രാൻസ്ഫറിനിടയിലുള്ള തർക്കം. എന്നാൽ ഒരാഴ്ച്ചക്കകം ഇത് തീരുമാനം കാണും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ബാഴ്സക്ക് ലൗറ്ററോ ട്രാൻസ്ഫർ നിർബന്ധമായി കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണിത്. കാരണം ലൂയിസ് സുവാരസ് ടീം വിടുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *