ലോപേട്യൂഗിക്ക് പകരം മുൻ അർജന്റൈൻ പരിശീലകനെ തിരിച്ചെത്തിച്ച് സെവിയ്യ!
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യ ഒരു വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബൊറൂസിയ സെവിയ്യയെ പരാജയപ്പെടുത്തിയത്. ഈ തോൽവി ഏറ്റുവാങ്ങി മിനിട്ടുകൾക്കകം തന്നെ സെവിയ്യ തങ്ങളുടെ പരിശീലകനായ ലോപേട്യൂഗിയെ പുറത്താക്കിയ വിവരം ഒഫീഷ്യലായി അറിയിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ സെവിയ്യ ഇപ്പോൾ പുതിയ പരിശീലകനെ നിയമിച്ചിട്ടുണ്ട്. മുമ്പ് അർജന്റീനയുടെ ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള സാംപോളിയാണ് സെവിയ്യയിൽ തിരിച്ചെത്തിയിട്ടുള്ളത്.2016/17 സീസണിൽ സെവിയ്യയെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകൻ കൂടിയാണ് ജോർഗെ സാംപോളി.
2015 ൽ കോപ്പ അമേരിക്ക കിരീടം ചിലിക്ക് നേടിക്കൊടുത്തതിനുശേഷമായിരുന്നു സാംപോളി സെവിയ്യയിൽ എത്തിയത്. പിന്നീട് ലാലിഗയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനുശേഷം അദ്ദേഹം അർജന്റീനയുടെ പരിശീലകനായി കൊണ്ട് ചുമതലയേറ്റു.എന്നാൽ റഷ്യൻ വേൾഡ് കപ്പിൽ അർജന്റീന പുറത്തായതിന് പിന്നാലെ അദ്ദേഹത്തിന് സ്ഥാനവും നഷ്ടമായി.
Official, confirmed. Jorge Sampaoli has been appointed as new Sevilla head coach to replace Lopetegui. ⚪️🔴🤝 #Sevilla pic.twitter.com/o01gDjpJ9d
— Fabrizio Romano (@FabrizioRomano) October 6, 2022
പിന്നീട് ബ്രസീലിലെ ചില ക്ലബ്ബുകളെ പരിശീലിപ്പിച്ചതിനു ശേഷം കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയെയായിരുന്നു സാംപോളി പരിശീലിപ്പിച്ചിരുന്നത്. അതിനുശേഷം ആണ് ഇപ്പോൾ ഒരിക്കൽ കൂടി അദ്ദേഹം സെവിയ്യയിൽ എത്തുന്നത്.
എന്നാൽ വലിയ വെല്ലുവിളിയാണ് അദ്ദേഹത്തെ ക്ലബ്ബിൽ കാത്തിരിക്കുന്നത്. ലാലിഗയിൽ ഏഴു മത്സരങ്ങളിൽ ഒന്നു മാത്രം വിജയിച്ച സെവിയ്യ 17ആം സ്ഥാനത്താണ്. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ഒരു പോയിന്റ് മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഇതൊക്കെ സാംപോളി പരിഹരിക്കേണ്ടതുണ്ട്. അടുത്ത മത്സരത്തിൽ അത്ലറ്റിക്ക് ബിൽബാവോയാണ് സെവിയ്യയുടെ എതിരാളികൾ.