ലോണിൽ പോവില്ല, കളിപ്പിക്കുമെന്ന് റയൽ എന്നോട് പറഞ്ഞിട്ടുണ്ട് : ഗുലർ പറയുന്നു.

തുർക്കിഷ് മെസ്സി എന്നറിയപ്പെടുന്ന ആർദ ഗുലറിനെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. 30 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി റയൽ ചിലവഴിച്ചിട്ടുള്ളത്.24ആം നമ്പർ ജേഴ്സിയാണ് താരം റയലിൽ അണിയുക. 18 കാരനായ താരത്തിന് വേണ്ടി എഫ്സി ബാഴ്സലോണ സജീവമായി രംഗത്തുണ്ടായിരുന്നുവെങ്കിലും റയൽ അവരെ പരാജയപ്പെടുത്തുകയായിരുന്നു.

ഇന്നലെ ഈ താരത്തിന്റെ പ്രസന്റേഷൻ ചടങ്ങ് നടന്നിരുന്നു.റയലിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ പോവാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം ഗുലർ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ കളിപ്പിക്കും എന്നുള്ള കാര്യം ക്ലബ്ബ് അറിയിച്ചിട്ടുണ്ടെന്നും ഗുലർ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ഇവിടെ കളിക്കാൻ റെഡിയായിട്ടാണ് വന്നിട്ടുള്ളത്.ഇവിടെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ലോണിൽ പോവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.റയൽ മാഡ്രിഡ് എനിക്ക് കളിക്കാനുള്ള അവസരം നൽകിയാൽ തീർച്ചയായും ഞാൻ അത് മുതലെടുക്കേണ്ടതുണ്ട്.ലോൺ അടിസ്ഥാനത്തിൽ പോവുക എന്നത് ഒരിക്കലും എന്റെ പ്ലാനുകളിൽ ഇല്ല.ഇവിടെ കളിക്കാൻ അവസരം നൽകുമെന്നുള്ള കാര്യം റയൽ മാഡ്രിഡ് തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനൊരിക്കലും ലോണിൽ പോവില്ല ” ഇതാണ് ഗുലർ പറഞ്ഞിട്ടുള്ളത്.

തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിൽ നിന്നാണ് ഇപ്പോൾ ഗുലർ റയൽ മാഡ്രിഡിൽ എത്തിയിരിക്കുന്നത്. താരത്തിന് സ്റ്റാർട്ടിങ് ഇലവനിൽ അവസരങ്ങൾ കുറവായിരിക്കും.പകരക്കാരന്റെ റോളിലായിരിക്കും താരത്തിന് അവസരങ്ങൾ ലഭിക്കാൻ സാധ്യത. അമേരിക്കയിൽ വെച്ചുകൊണ്ട് നാല് പ്രീ സീസൺ സൗഹൃദമത്സരങ്ങൾ റയൽ മാഡ്രിഡ് കളിക്കുന്നുണ്ട്. അതിന്റെ ഭാഗമാവാൻ ഗുലറിന് സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *