ലോകത്തിലെ മികച്ച താരമായി മാറാൻ ഡെംബലെക്ക്‌ കഴിയും, ഉറപ്പുമായി സാവി!

വലിയ തുക മുടക്കി കൊണ്ടായിരുന്നു എഫ്സി ബാഴ്സലോണ 2017-ൽ ഫ്രഞ്ച് സൂപ്പർ താരം ഡെംബലെയെ സ്വന്തമാക്കിയിരുന്നത്. എന്നാൽ താരത്തിന് വേണ്ട രൂപത്തിലുള്ള മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. മാത്രമല്ല പലപ്പോഴും താരം പരിക്കിന്റെ പിടിയിലുമായിരുന്നു. ഇക്കാരണത്താൽ മാറിമാറിവന്ന പരിശീലകർക്ക് താരത്തെ വേണ്ട രൂപത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ പുതിയ പരിശീലകനായി സാവി ചുമതലയേറ്റതോടെ ഡെംബലെയുടെ കാര്യത്തിൽ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കാര്യം സാവി തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഡെംബലെയുടെ പൊസിഷനിൽ അദ്ദേഹത്തിന് ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ കഴിയുമെന്നാണ് സാവി ഇപ്പോൾ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പ്രെസന്റെഷൻ വേളയിൽ സംസാരിക്കുകയായിരുന്നു സാവി.

” എന്നെ സംബന്ധിച്ചിടത്തോളം ഡെംബലെക്ക്‌ അദ്ദേഹത്തിന്റെ പൊസിഷനിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ കഴിയും. പക്ഷേ അതിന് നിങ്ങൾ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുകയും ആവശ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്. അത് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മെന്റാലിറ്റിയെയും ആശ്രയിച്ചാണിരിക്കുന്നത്. പരിക്കിൽ നിന്നും മുക്തനായി കൊണ്ട് ഡെംബലെ മികച്ച പ്രകടനം കാഴ്ച്ച വെക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കരാർ പുതുക്കുന്നതിന് ഞാൻ മുൻഗണന നൽകുന്നു ” സാവി പറഞ്ഞു.

ഇതോടെ ഡെംബലെ ബാഴ്സയുമായുള്ള കരാർ പുതുക്കാൻ സാധ്യതയേറി. താരത്തെ ഫലപ്രദമായി ഉപയോഗിക്കാൻ സാവിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *