ലെവന്റോസ്ക്കി ബാഴ്സയിലേക്കെത്തുമോ? സാവി പറയുന്നു!
ബയേൺ മ്യൂണിക്കിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കിയുടെ ക്ലബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. ഈ കരാർ പുതുക്കാൻ താരം ഉദ്ദേശിക്കുന്നില്ല. മാത്രമല്ല വരുന്ന സമ്മറിൽ ക്ലബ്ബ് വിടാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം ലെവന്റോസ്ക്കി തുറന്നു പറഞ്ഞിരുന്നു. സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് താരം ആഗ്രഹിക്കുന്നത്.
ഏതായാലും ഇതേക്കുറിച്ചുള്ള ചില വിവരങ്ങൾ ഇപ്പോൾ ബാഴ്സയുടെ പരിശീലകനായ സാവി നൽകിയിട്ടുണ്ട്.അതായത് ബാഴ്സ ലെവന്റോസ്ക്കിയുമായി കോൺടാക്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം വരാൻ സാധ്യതയുണ്ട് എന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്.എന്നാൽ ലെവയെ സൈൻ ചെയ്യൽ എളുപ്പമല്ലെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 22, 2022
“ലെവന്റോസ്ക്കി ബാഴ്സയിലേക്ക് വരാനുള്ള സാധ്യതകൾ തീർച്ചയായും ഉണ്ട്. അത് അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞതാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തെ സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കാരണം അദ്ദേഹത്തിന് ബയേണുമായി ഒരു വർഷത്തെ കരാർ കൂടി അവശേഷിക്കുന്നുണ്ട്. ബാഴ്സയുടെ സാമ്പത്തികസ്ഥിതി കൂടി പരിഗണിക്കണം.എംബപ്പെ,ഹാലണ്ട് എന്നിവരെ പോലെയുള്ള താരങ്ങളെ സ്വന്തമാക്കാനുള്ള സാമ്പത്തികശേഷി നിലവിൽ ബാഴ്സക്കില്ല. പക്ഷേ ഞങ്ങളൊരിക്കലും പിറകോട്ട് നടക്കാൻ ഉദ്ദേശിക്കുന്നില്ല.മുന്നോട്ട് പോവാൻ തന്നെയാണ് ഉദ്ദേശിക്കുന്നത് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
ലാലിഗയിലെ അവസാന മത്സരത്തിനാണ് ബാഴ്സ ഇന്നിറങ്ങുന്നത്.വിയ്യാറയലാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.