ലെവന്റോസ്ക്കിയില്ല,എന്നാൽ ഒരു സർപ്രൈസുണ്ട്,ബാഴ്സ ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ചു!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ പുതിയ സീസണിന് തുടക്കം കുറിച്ചിട്ടുണ്ട്. ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ അവർ വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവർ വലൻസിയയെ തോൽപ്പിച്ചിരുന്നത്. ഇനി ഇന്ന് നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ അത്ലറ്റിക്ക് ക്ലബ്ബാണ് ബാഴ്സലോണയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30ന് ബാഴ്സയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
ഈ മത്സരത്തിനു മുന്നോടിയായി നിർണായകമായ ഒരു പ്രഖ്യാപനം ബാഴ്സ നടത്തിയിട്ടുണ്ട്.ഈ സീസണിലേക്കുള്ള ക്യാപ്റ്റന്മാരെ പ്രഖ്യാപിക്കുകയാണ് അവർ ചെയ്തിട്ടുള്ളത്.5 ക്യാപ്റ്റൻമാരെയാണ് അവർ തിരഞ്ഞെടുത്തിട്ടുള്ളത്. ബാഴ്സയുടെ നായകന്മാരിൽ ഒരാളായിരുന്ന സെർജി റോബർട്ടോ ക്ലബ്ബ് വിട്ടിരുന്നു. ഇതോടുകൂടിയാണ് അവർ ക്യാപ്റ്റൻ സ്ഥാനങ്ങളിൽ മാറ്റങ്ങൾ വരുത്തിയത്.
നിലവിൽ ബാഴ്സയുടെ ഫസ്റ്റ് ക്യാപ്റ്റൻ ഗോൾകീപ്പറായ മാർക്ക് ആൻഡ്രേ ടെർസ്റ്റീഗനാണ്. ബാഴ്സക്ക് വേണ്ടി ദീർഘകാലമായി കളിക്കുന്ന ഈ താരം അർഹിച്ച ക്യാപ്റ്റൻസി തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ക്ലബ്ബിന്റെ രണ്ടാമത്തെ ക്യാപ്റ്റൻ ഡിഫൻഡർ റൊണാൾഡ് അരൗഹോയാണ്.ബാഴ്സയുടെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം.നിലവിൽ അദ്ദേഹം പരിക്ക് മൂലം പുറത്താണ്.
മൂന്നാമത്തെ ക്യാപ്റ്റനായി കൊണ്ട് വരുന്നത് ഡച്ച് സൂപ്പർ താരമായ ഫ്രങ്കി ഡി യോങാണ്.ബാഴ്സയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരം ഇദ്ദേഹമാണ്. നാലാമത്തെ ക്യാപ്റ്റനായി കൊണ്ട് റോബർട്ട് ലെവൻഡോസ്ക്കി വരും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.കാരണം വളരെയധികം പരിചയസമ്പത്തുള്ള സൂപ്പർ താരമാണ് അദ്ദേഹം.എന്നാൽ താരത്തെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിശീലകൻ പരിഗണിച്ചിട്ടില്ല. മറിച്ച് റാഫീഞ്ഞയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇത് ഒരല്പം സർപ്രൈസ് ആണ്. കാരണം ബാഴ്സ ഒരുപാട് തവണ ഒഴിവാക്കാൻ ശ്രമിച്ച താരമാണ് റാഫീഞ്ഞ.എന്നാൽ അദ്ദേഹം ക്ലബ്ബ് വിട്ട് പുറത്തു പോകാൻ തയ്യാറല്ലായിരുന്നു.ക്ലബ്ബിനോട് വളരെയധികം ആത്മാർത്ഥതയുള്ള ഒരു താരമാണ് ഈ ബ്രസീലിയൻ സൂപ്പർതാരം.അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളത്.
അഞ്ചാമത്തെ ക്യാപ്റ്റനായി കൊണ്ടുവരുന്നത് യുവ സൂപ്പർതാരം പെഡ്രിയാണ്.സമീപകാലത്ത് ബാഴ്സയിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. ഇങ്ങനെ 5 ക്യാപ്റ്റൻമാരെയാണ് ഇവർ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുപാട് ഇതിഹാസങ്ങൾ അണിഞ്ഞിട്ടുള്ള ക്യാപ്റ്റന്റെ ആം ബാൻഡാണ് ഈ താരങ്ങളെ കാത്തിരിക്കുന്നത്.മികച്ച പ്രകടനം ബാഴ്സ ഈ സീസണിൽ നടത്തും എന്നുള്ള ഒരു ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകർ ഉള്ളത്.