ലെങ്ലെറ്റിന്റെ പരിക്ക്, ബാഴ്സക്കിനി ഒരൊറ്റ സെന്റർ ബാക്ക് പോലുമില്ല !

ഇന്നലെ നടന്ന മത്സരത്തിൽ തകർപ്പൻ ജയം നേടാൻ എഫ്സി ബാഴ്സലോണക്ക്‌ സാധിച്ചിരുന്നുവെങ്കിലും മറ്റൊരു തിരിച്ചടിയേറ്റിരുന്നു. പ്രതിരോധനിര താരം ക്ലമന്റ് ലെങ്ലെറ്റ്‌ പരിക്കേറ്റ് പുറത്തായിരുന്നു. മത്സരത്തിന്റെ 67-ആം മിനുട്ടിലാണ് ലെങ്ലെറ്റ്‌ പരിക്ക് മൂലം കളം വിട്ടത്. ബാഴ്സയെ സംബന്ധിച്ചെടുത്തോളം വളരെ വലിയ തിരിച്ചടിയാണ് താരത്തിന്റെ പരിക്ക്. എന്തെന്നാൽ ഒരൊറ്റ സീനിയർ സെന്റർ ബാക്ക് പോലും ഇനി ബാഴ്സയിൽ അവശേഷിക്കുന്നില്ല. എല്ലാവരും പരിക്കിന്റെ പിടിയിലാണ്. ഇനി ആരെ ഉപയോഗിക്കും എന്നുള്ളതാണ് പരിശീലകൻ കൂമാനെ ഏറ്റവും കൂടുതൽ അലട്ടുന്ന കാര്യം. ലെങ്ലെറ്റിന് പുറമേ സാമുവൽ ഉംറ്റിറ്റി, റൊണാൾഡ് അരൗഹോ, ജെറാർഡ് പിക്വേ എന്നിവരാണ് സെന്റർ ബാക്കുമാരായി ടീമിൽ ഉള്ളത്. ഇവർരെല്ലാം പരിക്കിന്റെ പിടിയിലാണ്.

സാമുവൽ ഉംറ്റിറ്റി ദീർഘകാലമായി പരിക്കിന്റെ പിടിയിലാണ്. റൊണാൾഡ് അരൗഹോയും കുറച്ചു കാലമായി പുറത്താണ്. ഈയിടെയാണ് പിക്വേക്ക്‌ പരിക്കേറ്റത്. തുടർന്ന് ബാഴ്സ ബിയിൽ നിന്നും ഓസ്കാർ മിങ്കേസയെ കൂമാൻ ടീമിൽ എടുത്തിരുന്നു. പിക്വേയുടെ സ്ഥാനത്ത് മിങ്കേസയാണ് ഇന്നലെയൊക്കെ കളിച്ചത്. ഇതിനിടെയാണ് ലെങ്ലറ്റിനും പരിക്കേറ്റത്. ഇതോടെ ആരെ ഉപയോഗിക്കും എന്നുള്ള സംശയത്തിലാണ് കൂമാൻ. ഒന്ന് രണ്ട് മത്സരങ്ങളിൽ ഡിജോങ്ങിനെ കൂമാൻ സെന്റർ ബാക്ക് ആയി ഉപയോഗിച്ചിരുന്നു. ഒരുപക്ഷെ ഇനി അതേ തന്ത്രം തന്നെ കൂമാന് പയറ്റേണ്ടി വന്നേക്കും. അതല്ലെങ്കിൽ ഫുൾ ബാക്ക് ആയ ജൂനിയർ ഫിർപ്പോയെ സെന്റർ ബാക്ക് സ്ഥാനത്ത് പരീക്ഷിക്കേണ്ടി വന്നേക്കും. ഏതായാലും കൂമാൻ പരിക്ക് മൂലം പ്രതിസന്ധിയിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *