ലൂക്ക മോഡ്രിച്ച് എന്റെ അഭിമാനം, ആരും വിശ്വസിക്കാത്ത കാലത്ത് ഞാനാണ് കൊണ്ടുവന്നത്:മൊറിഞ്ഞോ

2012ലായിരുന്നു റയൽ മാഡ്രിഡ് ടോട്ടൻഹാമിൽ നിന്നും ക്രൊയേഷ്യൻ താരമായ ലൂക്ക മോഡ്രിച്ചിനെ കൊണ്ടുവന്നത്. അന്ന് പരിശീലകനായിരുന്ന മൊറിഞ്ഞോയുടെ താല്പര്യപ്രകാരമായിരുന്നു മോഡ്രിച്ചിനെ റയൽ സ്വന്തമാക്കിയത്. പക്ഷേ ആരാധകർക്ക് താല്പര്യമില്ലാത്ത സൈനിങ്ങ് ആയിരുന്നു അത്. ആ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും മോശം സൈനിങ്ങ് ആയിക്കൊണ്ട് ആരാധകർ തിരഞ്ഞെടുത്തത് പോലും ലൂക്ക മോഡ്രിച്ചിന്റെ സൈനിങായിരുന്നു. പക്ഷേ തന്നെ സംശയിച്ചവർക്കെല്ലാം അദ്ദേഹം മറുപടി നൽകിയത് ഏവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു.

മികച്ച പ്രകടനം നടത്തി റയൽ മാഡ്രിഡിന്റെ നട്ടെല്ലായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.റയലിൽ വെച്ച് ബാലൺഡി’ഓർ അവാർഡ് അദ്ദേഹം സ്വന്തമാക്കി. 38 വയസ്സുള്ള താരം ഇപ്പോഴും മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ഇക്കാര്യത്തിൽ മുൻ റയൽ മാഡ്രിഡ് പരിശീലകനായിരുന്ന ഹൊസെ മൊറിഞ്ഞോ അഭിമാനം പ്രകടിപ്പിച്ചിട്ടുണ്ട്. ആരും വിശ്വസിക്കാത്ത കാലത്ത് താനാണ് അദ്ദേഹത്തെ കൊണ്ടുവന്നത് എന്നാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഫുട്ബോളിന്റെ സൗന്ദര്യമാണ് ലൂക്ക മോഡ്രിച്ച്.അദ്ദേഹം എന്റെ അഭിമാനമാണ്.അദ്ദേഹം റയൽ മാഡ്രിഡിന് പറ്റിയ ഒരു താരമാണ് എന്ന് ആരും വിശ്വസിക്കാത്ത കാലത്ത് ഞാനാണ് അദ്ദേഹത്തെ റയൽ മാഡ്രിലേക്ക് കൊണ്ടുവന്നത്.അക്കാര്യത്തിലാണ് എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നത്.ഇപ്പോൾ നോക്കൂ,പന്ത്രണ്ടോ പതിനാലോ വർഷം പിന്നിട്ടിട്ടും ഇപ്പോഴും അദ്ദേഹം അവിടെത്തന്നെയുണ്ട് ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.

മോഡ്രിച്ചിന്റെ റയലുമായുള്ള കോൺട്രാക്ട് ഇപ്പോൾ അവസാനിക്കുകയാണ്. അദ്ദേഹത്തിന് റയൽ മാഡ്രിഡിൽ തന്നെ തുടരാൻ താല്പര്യമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ഒരു അന്തിമ തീരുമാനമെടുക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ളതിൽ ഇനിയും വ്യക്തമായ തീരുമാനങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *